16 October, 2023 11:24:34 AM


ശസ്ത്രക്രിയയിലെ പിഴവ്: ആരോഗ്യവകുപ്പ് ജീവനക്കാരന്‍റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി



വയനാട്: ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്‍റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. വയനാട് മെഡിക്കല്‍ കോളജില്‍ ആണ് സംഭവം. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി. 

സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്‍റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു.

വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയാണ് സ്‌കാനിങ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ജറി വിഭാഗത്തിലെ മറ്റൊരു ജൂനിയര്‍ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം യുവാവിനെ അറിയിച്ചത്.

തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വൃഷണത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്നും യുവാവിന്‍റെ  പരാതിയില്‍ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K