30 September, 2023 09:34:20 AM
മാനന്തവാടിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കാട്ടാന
മാനന്തവാടി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു. ആര്‍ക്കും പരിക്കില്ല. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് കാട്ടാന നശിപ്പിച്ചത്. ഇന്നലെ നബിദിന പരിപാടി കണ്ടതിന് ശേഷ രാത്രി എട്ടുമണിയോടെ അംഗങ്ങള്‍ മടങ്ങാന്‍ നേരം കാട്ടിക്കുളം - ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം.
ബാവലി എക്സൈസ് ഉദ്യോഗസ്ഥര്‍ ബാവലിയില്‍ നിന്ന് ജോലി കഴിഞ്ഞ് മാനന്തവാടിയിലെക്ക് തിരികെ വരുബോള്‍ വഴിയരികില്‍നിന്ന് ഓടിയെത്തിയ ആന ആക്രമിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച ആന യാത്രക്കാരില്‍ ആരെയും ആക്രമിച്ചില്ല. വാഹനത്തിലുണ്ടായിരുന്നവര്‍ ഒച്ച വെച്ചതിനെ തുടര്‍ന്നാണ് ആന ആക്രമിക്കാതെ പിന്‍വാങ്ങിയത്.