26 August, 2023 03:38:17 PM


വയനാട് ജീപ്പ് അപകടം; മക്കിമല എൽപി സ്കൂളിലെ പൊതുദർശനം പൂർത്തിയായി



വയനാട്: തലപ്പുഴ മക്കിമല ക​ണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവർക്ക് കണ്ണീരോടെ യാത്രമൊഴി നൽകി നാട്. ഒമ്പതുപേരുടെയും മൃതദേഹങ്ങൾ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്​റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന് വെച്ചത്.

അഞ്ച്പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും. ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവര്‍ മണികണ്ഠൻ പൊലീസിനു നല്‍കിയ മൊഴി. അപകടത്തിൽപ്പെട്ട ജീപ്പ് ടിടിസി കമ്പനിയുടേതാണ്.

വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. 14 പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. പണി കഴിഞ്ഞ് തിരിച്ച് പോകുമ്പോളാണ് അപകടം. കണ്ണോത്ത് മല ഭാഗത്തു നിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്ത് താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K