15 June, 2023 10:12:01 AM
കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തി നശിച്ചു
എറണാകുളം: കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പനമ്പള്ളി നഗര്‍ പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു.
അബ്ദുള്ളയും സുഹൃത്തും ഉടന്‍ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്‍റെ മിനി കൂപ്പറും അബ്ദുള്ളയുടെ കാറും മത്സര ഓട്ടത്തിലായിരുന്നു.
ഏറെ നേരം ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കളി കാര്യമായതോടെയാണ് അപകടമുണ്ടായത്. ഇരുവരും തമ്മില്‍ മുന്‍ പരിചയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കുമെതിരെ അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിന് കേസെടുത്തു.