13 June, 2023 11:13:40 AM
പുരാവസ്തു തട്ടിപ്പ് കേസ്: അറസ്റ്റിന് നീക്കം; കെ സുധാകരൻ കോടതിയിലേക്ക്
കൊച്ചി: മോൻസൻ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ വഞ്ചനക്കുറ്റം ചുമത്തിയതിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ കോടതിയിലേക്ക്.
കെ സുധാകരൻ നിയമോപദേശം തേടി. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ സുധാകരൻ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും.
കേസില്‍ അറസ്റ്റിന് നീക്കം നടക്കുന്ന സാഹചര്യത്തിലാണ് സുധാകരൻ കോടതിയെ സമീപിക്കുന്നത്. കേസില്‍ നാളെ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അറസ്റ്റിനു തയാറെടുക്കുന്ന അന്വേഷണസംഘം ഇക്കാര്യത്തില്‍ നിയമോപദേശവും തേടിയതായാണ് വിവരം.
മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍, എം ടി ഷമീര്‍, ഷാനിമോൻ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്. മോൻസന്‍റെ പക്കല്‍ നിന്ന് സുധാകരൻ 10 ലക്ഷം വാങ്ങിയെന്നും പരാതിക്കാര്‍ പറയുന്നു.
അതേസമയം കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കെ സുധാകരൻ ഇന്ന് ആലുവയില്‍ വാര്‍ത്താസമ്മേളനം നടത്തിയേക്കും. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതിന് പിന്നാലെ കെപിസിസി പ്രസിഡന്‍റിനേയും കുടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.