10 June, 2023 12:12:02 PM


മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചു



കോഴിക്കോട്: മൂക്കിനുള്ളിലെ ദശ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കിടെ ആറു വയസ്സുകാരിയുടെ പല്ലുകൾ പറിച്ചതായി പരാതി. മലപ്പുറം കാളികാവ് സ്വദേശി വൈദ്യര് ഹൗസിൽ മുഹമ്മദ് – മുഫീദ ദമ്പതിമാരുടെ മകൾ 6 വയസുള്ള ഫൻഹാ മെഹറിനാണ് മുകൾ നിരയിലെ രണ്ട് മുൻ പല്ലുകൾ നഷ്ടമായത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി. 

സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോഴിക്കോട് മലാപറമ്പ് എംഇഎസ് മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് കുട്ടിക്ക് മൂക്കിലെ ദശ നീക്കുന്ന ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കുട്ടിയുടെ മുകൾ നിരയിലെ രണ്ട് പ്രധാന പല്ലുകൾ നഷ്ടമായതായി കണ്ടത്. 
 ആശുപത്രി അധികൃതരോട് സംസാരിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് മറുപടി പറഞ്ഞതെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നു.

തുടർന്ന് മണിക്കൂറുകൾക്കുശേഷം കുട്ടിയുടെ പല്ലുകൾ ആശുപത്രി അധികൃതർ രക്ഷിതാക്കളെ ഏൽപ്പിച്ചു. അപ്പോഴേക്കും പല്ലു പറിച്ചെടുത്ത് ആറുമണിക്കൂർ കഴിഞ്ഞിരുന്നു. പരാതിക്കും പ്രതിഷേധത്തിനും ഒടുവിലാണ് വെള്ളിയാഴ്ച കുട്ടിയുടെ പല്ലുകൾ തിരികെ ഉറപ്പിക്കാൻ നടപടി ഉണ്ടായത്. ഇത്രയും സമയത്തിന് ശേഷം രണ്ടാമത് പല്ല് പിടിപ്പിച്ചാലും അത് ഉറയ്ക്കണമെന്നില്ലെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞതായും രക്ഷിതാക്കൾ പറഞ്ഞു.

ഒരിക്കൽ പറിഞ്ഞ് വന്ന പല്ലുകളാണിവ ഇവ എന്നതു കൊണ്ട് കുട്ടിയുടെ ഭാവി ജീവിതത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായതെന്നും രക്ഷിതാക്കൾക്ക് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K