05 June, 2023 02:40:47 PM


നഗ്നശരീരത്തിൽ കുട്ടികളെകൊണ്ട് ചിത്രം വരപ്പിച്ച രഹന ഫാത്തിമയ്ക്കെതിരായ തുടർ നടപടി റദ്ദാക്കി



കൊച്ചി: ആക്‌ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ പോക്സോ കേസിൽ ഹൈക്കോടതി തുടർ നടപടികൾ റദ്ദാക്കി. നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് കേസെടുത്തത്. രഹ്ന നൽകിയ ഹർജിയിലാണ് കോടതി തുടർ നടപടികൾ റദ്ദാക്കിയിരിക്കുന്നത്.

ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമത്തിലെ 65ാം വകുപ്പും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പും പ്രകാരവുമായിരുന്നു കേസ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നതും അതു പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

സംഭവം വിവാദമാകുകയും പൊലീസ് കേസെടുക്കുകയും ചെയ്തതിനെത്തുടർന്ന് ബിഎസ്എൻഎലിലെ ജോലിയിൽ നിന്ന് രഹ്നയെ പിരിച്ചുവിട്ടിരുന്നു. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാൻ പ്രതിക്ക് അവകാശമുണ്ടെങ്കിലും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതിലൂടെ കുറ്റക്കാരിയായിരിക്കുകയാണെന്ന് നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞിരുന്നു. പിന്നീട് ജാമ്യാപേക്ഷ സുപ്രീംക്കോടതിയും തള്ളിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K