02 June, 2023 11:25:25 AM
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകൻ
കാസർഗോഡ്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിക്ക് മുന്നിൽ. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനു മുന്നിലാണ് കർഷകന്‍റെ പരാതി എത്തിയത്.'പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴികൾ എന്‍റേതാണ്. നഷ്ടപരിഹാരം കിട്ടണം' എന്നാണ് കെ.വി.ജോർജിന്‍റെ ആവശ്യം.
വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലും കളക്ടറും സബ്കളക്ടറുമുൾപ്പെടെ വട്ടം കറക്കുന്ന പരാതിയായി ഇത് മാറി. അവസാനം പരിശോധിച്ച് വേണ്ടത് ചെയ്യാമെന്നുമാത്രമായിരുന്നു ഉറപ്പ്.
കഴിഞ്ഞ വർഷം ജൂണിലാണ് ജോര്‍ജിന്‍റെ വീട്ടിലെ കോഴിക്കൂട് തുറന്നപ്പോൾ കോഴികൾക്കുപകരം പെരുമ്പാമ്പിനെ കണ്ടത്. കൂട്ടിലുണ്ടായ കോഴികളെയെല്ലാം പാമ്പ് വിഴുങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ കൊണ്ടുപോയി വനത്തിൽവിട്ടു. ഇതിനെ തുടർന്ന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ജോർജ് വനം വകുപ്പധികൃതരെ സമീപിക്കുകയായിരുന്നു. പലതവണ ശ്രമിച്ചിട്ടും തീരുമാനമുണ്ടാകാതിരുന്നതിനെ ത്തുടർന്നാണ് അദാലത്തിൽ മന്ത്രിയെ കാണാനെത്തിയത്.