26 May, 2023 04:59:46 PM


'ഡോക്ടർക്കും എംഎൽഎക്കും നാട്ടുകാർക്കും നന്ദി': വഴിനീളെ ഫ്ലക്സുകൾ വച്ച് കോണ്‍ഗ്രസ് നേതാവ്



കൊച്ചി: മരണമുഖത്ത് നിന്നും രക്ഷപ്പെട്ടതോടെ നാട് നീളെ ഫ്ലക്സുകൾ വച്ച് നന്ദിയറിയിച്ച് കൊച്ചിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഫ്രാൻസിസ് മാഞ്ഞൂരാൻ. ഫ്രാൻസിസിനെ ചികിത്സിച്ച ഡോ. ജോ ജോസഫിന് പുറമെ രോഗവിവരങ്ങൾ ഫോണിൽ വിളിച്ച് അന്വേഷിച്ച മുൻമന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കോൺഗ്രസ് നേതാവ് കെ.ബാബുവിനും നേതാക്കൾക്കും വരെ വൈറ്റിലയിൽ നന്ദി ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.

'എറണാകുളം ലിസി ആശുപത്രിയിൽ രോഗാവസ്ഥയിൽ കിടന്ന 16 ദിവസവും ഡോ ജോ ജോസഫിനോട് എന്‍റെ രോഗ വിവരങ്ങൾ അന്വേഷിച്ച മുൻ മന്ത്രി കെ.ബാബുവിന് സ്നേഹം നിറഞ്ഞ നന്ദി. ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില,' - ഇതാണ് ഒരു ഫ്ലക്സിലെ വാചകങ്ങൾ. 

'മരണവുമായി മല്ലിട്ട് കിടക്കുന്ന സമയത്ത് ഹൃദ്രോഗ വിദഗദ്ധരായ ഡോ.ജോസ് ചാക്കോ പെരിയപുറവും ഡോക്ടർ ജോ.ജോസഫും അരമണിക്കൂർ സമയം പരസ്പരം ആശയ വിനിമയം നടത്തി വീണ്ടും ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത് വഴി എന്‍റെ ജീവൻ നിലനിർത്തിയതിൽ നന്ദി. ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില' - മറ്റൊരു ഫ്ലക്സിലെ വാചകം ഇങ്ങനെയാണ്.

'അതിഗുരതരമായ രോഗാവസ്ഥയിൽ തന്‍റെ ജീവൻ രക്ഷിക്കാൻ സകല കഴിവും അറിവും പുറത്തെടുത്ത ഡോ.ജോ ജോസഫിന് നന്ദി, ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില,' - എന്നാണ് മറ്റൊരു ഫ്ലക്സിലെ വാക്കുകൾ.

'രോഗാവസ്ഥയിൽ വിവരങ്ങൾ  തേടിയ ഹൈബി ഈഡൻ, ഉമാ തോമസ്, കെജെ വിനോദ് തുടങ്ങിയവർക്ക് നന്ദി, ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില' - എന്ന് മറ്റൊരു ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ തനിക്ക് വേണ്ടി പ്രാർത്ഥിച്ച നാട്ടുകാർക്ക് വരെ നന്ദി പറഞ്ഞ് ഫ്രാൻസിസ് മാഞ്ഞൂരാൻ ഫ്ലക്സ് വെച്ചു.

മുൻ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റാണ് ഇദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷം ചികിത്സാർത്ഥം വിശ്രമത്തിലാണ് ഇദ്ദേഹമിപ്പോൾ. താൻ നന്ദിയറിയിച്ച് ഫ്ലക്സ് വെച്ചതിൽ ഇത്രയും വിവാദമാക്കേണ്ട കാര്യമെന്താണെന്നാണ് ഫ്രാൻസിസ് മാഞ്ഞൂരാന്റെ ചോദ്യം. 

മാഞ്ഞൂരാന്‍റെ ഫ്ലക്സുകളിൽ വൈറലായത് കെ ബാബുവിന് നന്ദിയറിച്ചുള്ള ഫ്ലക്സായിരുന്നു. വൈകാതെ സോഷ്യൽ മീഡിയയിലും ട്രോളായി. മാഞ്ഞൂരാന്‍റെ സ്നേഹ പ്രകടനത്തിൽ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് കെ.ബാബു എംഎൽഎ. എന്നാല്‍ തന്‍റെ അറിവോടെയല്ല ഫ്രാൻസിസ് മാഞ്ഞൂരാൻ ഫ്ലക്സ് വെച്ചതെന്നും രോഗവിവരങ്ങൾ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും എംഎൽഎ  പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K