18 May, 2023 09:28:28 PM


കളറിളകിയ ചുരിദാർ തുണി മാറ്റിനല്‍കിയില്ല; വിലയും നഷ്ടപരിഹാരവും നൽകാൻ വിധി



കോഴിക്കോട്: കളറിളകിയ ചുരിദാർ മെറ്റീരിയൽ മാറ്റിനൽകാത്തതിന് വസ്ത്രവ്യാപാരസ്ഥാപനം വസ്ത്രത്തിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ വിധി. കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ അധ്യക്ഷൻ പി.സി. പോളച്ചൻ ഉത്തരവിട്ടത്.

ഉണ്ണികുളം പൂനൂർ പുതിയ വീട്ടിൽ പി. ബഷീറിനാണ് ചുരിദാർ തുണിത്തരത്തിന്റെ വിലയായ 940 രൂപയും, ആയിരം രൂപ നഷ്ട പരിഹാരവും നൽകാനാണ് വിധിച്ചത്. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ആറു ശതമാനം വാർഷിക പലിശ ഈടാക്കണമെന്നും കമ്മീഷൻ വിധിയിൽ വ്യക്തമാക്കി.

നരിക്കുനി കുമാരസ്വാമി റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ നവംബർ പത്തിനാണ് ബഷീർ ചുരിദാർ തുണി വാങ്ങിയത്. തുണി തയ്പിച്ചശേഷം കഴുകിയപ്പോൾ ചായം ഇളകിപ്പടർന്ന് ചുരിദാർ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലായി. തുടർന്ന് രണ്ടു തവണ വസ്ത്രസ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടിട്ടും സ്ഥാപന അധികൃതർ വസ്ത്രം മാറ്റി നൽകാതിരുന്നതോടെ ബഷീർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K