16 May, 2023 01:19:56 PM


ജിഷ വധം, ആറ്റിങ്ങൽ ഇരട്ടക്കൊല പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു



കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂർ ജിഷാ വധക്കേസിലെയും ആറ്റിങ്ങൽ ഇരട്ടക്കൊല കേസിലെയും പ്രതികളുടെ വധശിക്ഷ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. 

കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ പരിശോധിക്കും.
ഈ കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ജയിൽ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് മിറ്റിഗേഷന്‍ ഇന്‍വെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. 

പ്രതികളുടെ മറ്റു പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് ഹൈക്കോടതി നിർദേശം. ഇരുവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും. പ്രതികളുടെ മാനസിക നില, സ്വഭാവം എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ രണ്ട് കേസുകളിലെ കുറ്റവാളികളെയും പാര്‍പ്പിച്ച ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. പ്രതികളുടെ അഭിഭാഷകരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ആറ്റിങ്ങൽ ഇരട്ടക്കൊല കേസ് പ്രതി നിനോ മാത്യുവിനെ പൂജപ്പുര ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ജിഷാ കൊലക്കേസ് പ്രതി മുഹമ്മദ് അമീറുൾ ഇസ്‌ലാം വിയ്യൂർ ജയിലിലാണ് തടവിലുള്ളത്. ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതം 2014ലും ജിഷ വധം 2016ലുമാണ് നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K