09 May, 2023 11:10:03 AM
താനൂർ അപകടം: ഉല്ലാസ ബോട്ടാക്കിയത് 20000 രൂപയുടെ ഫൈബർ വള്ളം
മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ഉല്ലാസ ബോട്ട് രൂപമാറ്റം ഫൈബർ വള്ളമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തീരത്തോട് ചേർന്ന് 15 പേർക്ക് മൽസ്യബന്ധനം നടത്താവുന്ന ഫൈബർ വള്ളം 20000 രൂപയ്ക്ക് വാങ്ങിയാണ് ഉല്ലാസബോട്ടാക്കി മാറ്റിയത്. 26 പേരെ കയറ്റാവുന്ന രീതിയിലായിരുന്നു വള്ളം രൂപമാറ്റം വരുത്തി ബോട്ടാക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പാലപ്പെട്ടിയിലെ മത്സ്യത്തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രൂപമാറ്റം വരുത്തി ബോട്ടാക്കി മാറ്റിയത്.
സാധാരണഗതിയിൽ വള്ളത്തിന്‍റെ വീതി 1.9 മീറ്ററാണ്. എന്നാൽ ഉല്ലാസ ബോട്ടിന്‍റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ 2.9 മീറ്റർ വീതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻവേണ്ടി അനധികൃതമായി വീതി കൂട്ടിയതാകാമെന്നാണ് കരുതുന്നത്. അടിത്തട്ടിൽ ഇതിന് അനുസരിച്ച് മതിയായ വീതി ഇല്ലാത്തതാകാം ബോട്ട് മറിയാൻ കാരണമെന്നും അനുമാനിക്കുന്നുണ്ട്.
അപകടത്തിൽപ്പെട്ട ബോട്ടിന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയതിലും പൊരുത്തക്കേടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ് ടെക്നോളജി വിഭാഗം നൽകിയ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ രണ്ട് ജീവനക്കാർ ഉൾപ്പടെ 26 പേർക്ക് സഞ്ചരിക്കാനാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ പോർട്ട് സർവേയറുടെ റിപ്പോർട്ടിൽ ജീവനക്കാർ ഉൾപ്പടെ 22 പേർക്കുള്ള അനുമതി മാത്രമാണുള്ളത്. ഫൈബർ വള്ളം അനധികൃത രൂപമാറ്റം വരുത്തിയതിന് തുറമുഖ വകുപ്പ് 10000 രൂപ പിഴ ചുമത്തിയിരുന്നു. പിഴത്തുക അടച്ചതോടെ ഫിറ്റ്നസും രജിസ്ട്രേഷനും വേഗത്തിൽ ലഭിക്കുകയും ചെയ്തു.
അതേസമയം ബോട്ടുടമ തെറ്റിദ്ധരിപ്പിച്ചതായി കേരള മാരിടൈം ബോർഡ് വ്യക്തമാക്കുന്നു. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിൽ 21 പേർക്കായിരുന്നു യാത്രാ അനുമതിയുണ്ടായിരുന്നത്. എന്നാൽ അപകടം നടന്ന ദിവസം ബോട്ടിൽ 37 യാത്രക്കാരും ഡ്രൈവറും രണ്ട് ജീവനക്കാരുമാണുണ്ടായിരുന്നത്.
നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. മത്സ്യ ബന്ധന ബോട്ടാണ് യാത്രാ ബോട്ടാക്കി മാറ്റാൻ ഉടമ അപേക്ഷ നൽകിയിരുന്നത്. ഇതിനായുള്ള നിബന്ധനകൾ പാലിച്ചില്ലെന്ന് മാരിടൈം ബോർഡ് സർവെയറുടെ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഇവ പരിഹരിച്ചതായി കാണിച്ച് വീണ്ടും അപേക്ഷ നൽകുകയായിരുന്നു.