08 May, 2023 08:54:45 AM


താനൂര്‍ ബോട്ടപകടം; മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്ര എത്തിയത് മരണത്തിലേക്ക്



മലപ്പുറം: താനൂര്‍ ഓട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിന്‍റെ ആഘാതത്തിലാണ് കേരളം. അപകടത്തില്‍ മരിച്ച 22 പേരുടെ വിവരങ്ങളാണ് ഔദ്യോഗികമായി പുറത്തുവന്നിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുമുണ്ട്. 

ഒരു കുടുംബത്തിലെ 12 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ അംഗങ്ങളാണിവര്‍. ഇതില്‍ 9 പേർ ഒരു വീട്ടിലും മൂന്ന് പേർ മറ്റാെരു വീട്ടിലുമാണ് താമസം.

മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടം നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ചുള്ള യാത്രയാണ് വൻ ദുരന്തത്തിന് വഴിവെച്ചത്. അനുവദിച്ചതിലും അധികം യാത്രക്കാരെ കുത്തിനിറച്ചായിരുന്നു ബോട്ട് യാത്ര നടത്തിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെയുള്ള യാത്ര അപകടത്തിന്‍റെ തോത് വർധിപ്പിച്ചെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ സർവീസ് നടത്താറില്ല. സൂര്യാസ്തമനത്തിനു മുൻപ് മടങ്ങിയെത്താൻ കഴിയാത്തതാണ് കാരണം. എന്നാൽ ഇന്നലെ 5 മണിക്കു ശേഷമാണ് അപകടത്തിൽപ്പെട്ട ബോട്ട് യാത്ര തിരിച്ചത്. ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K