04 May, 2023 02:25:30 PM


കോതനെല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: പ്രതി മരിച്ച നിലയില്‍



കാസർകോട്: കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മെയ് രണ്ടാം തീയതിയാണ് അരുൺ വിദ്യാധരൻ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മുറിയെടുത്തത്. പെരിന്തൽമണ്ണ സ്വദേശി രാജേഷ് കുമാർ എന്ന പേര് നൽകിയാണ് ഇയാൾ മുറിയെടുത്തത്. ഇയാൾ മുറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നില്ലെന്ന് ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നലെ രാത്രി അരമണിക്കൂർ നേരത്തേക്ക് പുറത്ത് പോയ ഇയാൾ മദ്യപിച്ചാണ് തിരിച്ചെത്തിയത്.

ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെതിയത്. സൗഹൃദം അവസാനിപ്പിച്ചതിന്‍റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ആതിരയുടെ അയൽക്കാരനും മുൻ സുഹൃത്തുമായിരുന്ന അരുൺ വിദ്യാധരൻ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ആതിരയ്ക്ക് വിവാഹാലോചന നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് ഇയാൾ സൈബർ ആക്രമണം നടത്തിയത്. ഇതേത്തുടർന്ന് ആതിര പൊലീസിൽ പരാതി നൽകി. അരുണിനോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ആശിഷ് ദാസിന്‍റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയർമാനായി ജോലി ചെയ്യുന്നതിനിടെ ഐഎഎസ് നേടി, ദേശീയ ശ്രദ്ധ നേടിയ ആളാണ് ആശിഷ്. ഭാര്യ സഹോദരിയുടെ ആത്മഹത്യയിൽ വൈകാരിക കുറിപ്പ് ഇന്നലെ ആശിഷ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. സൈബർ ബുളളിയിങ്ങിലൂടെയുളള കൊലപാതകമാണ് തന്‍റെ സഹോദരിയുടേത് എന്നാണ് ആശിഷ് കുറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K