03 May, 2023 03:28:25 PM


അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലേ എന്ന് ഹൈക്കോടതി



കൊച്ചി: പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ ഇടുക്കി ചിന്നക്കനാലിലേക്ക്  തിരികെ വരാൻ സാധ്യതയില്ലേ എന്ന് ഹൈകോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദ്ദേശം നൽകി. അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. 

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്താണ് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചത്. സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമായെന്ന് ദൗത്യസേനക്ക് നന്ദി പറഞ്ഞുള്ള കത്തിൽ ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. 

 മനുഷ്യ-മൃഗ സംഘർഷത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടത്. നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, മൃഗങ്ങളുടെ  ആവാസ വ്യവസ്ഥ നിലനിർത്താൻ ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി ഓർമിപ്പിച്ചു. പ്രശ്നങ്ങളുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ഇന്നും ആവർത്തിച്ചു. അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്‍റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. ചിന്നക്കനാൽ മേഖലയിൽ മാലിന്യ സംസ്കരണം കാര്യക്ഷമമല്ല. മാലിന്യ ദുർഗന്ധം മൃഗങ്ങളെ ആകർഷിക്കുന്നുണ്ട്. അതിന് പരിഹാരം കാണണമെന്നും ഹൈകോടതി വ്യക്തമാക്കി.

അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെയുണ്ടെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു. റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട് മേഖലയിലാണ് ആന സഞ്ചരിക്കുന്നതെന്നും വനം വകുപ്പ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K