29 April, 2023 07:15:50 PM


അരിക്കൊമ്പനുമായുള്ള സാഹസികയാത്ര; ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വനത്തിലേക്ക്



ഇടുക്കി:  വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനുമായുള്ള എലിഫന്‍റ് ആംബുലൻസ് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വനത്തിലേക്ക് പുറപ്പെട്ടു. തേക്കടി വനമേഖലയിലാകും അരിക്കൊമ്പനെ തുറന്നുവിടുക എന്നാണ് സൂചന. ഇതിന് മുന്നോടിയായി കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആനയെ തുടര്‍ന്ന് നിരീക്ഷിക്കുന്നതിനായി ജിപിഎസ് റേഡിയോ കോളര്‍ ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസമായി നടന്ന ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെ ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്. കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്‍റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.

അതിസാഹസികമായ യാത്രയാണ് നിലവിലുളളത്. കുമളി പെരിയാറിലെ സീനിയറോടെ വനമേഖലയിലേക്കാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. 122 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. ആനിമൽ ആംബുലൻസിൽ വച്ച് യാത്രക്കിടെയും അരിക്കൊമ്പൻ പരാക്രമം തുടർന്നു. സാധാരണയായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി ഇരട്ട കൂടാണ് ആനിമൽ ആംബുലൻസിൽ ഒരുക്കിയത്.

ഉള്ളിൽ മറ്റൊരു കൂട് കൂടി ഒരുക്കിയാണ് മെരുക്കിയിട്ടും മെരുങ്ങാൻ കൂട്ടാക്കാതെ പ്രതിരോധിച്ചുകൊണ്ടിരുന്ന അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകുന്നത്. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആണ് ആനയുമായി കുമളിയിലേക്ക് പോകുന്നത്. 

രാത്രി ഒമ്പത് മണിയോടെ മാത്രമായിരിക്കും വാഹനം കുമളിയിലെത്തുക. അരിക്കൊമ്പനെ കുമളിയിലേക്ക് മാറ്റുമെന്ന തീരുമാനം പുറത്തുവിട്ടതോടെ കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വെറ്ററിനറി സംഘങ്ങളാണ് വാഹന വ്യൂഹത്തിനൊപ്പമുള്ളത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K