28 April, 2023 10:57:01 AM
അരിക്കൊമ്പന്‍ മിഷന്‍ പ്രതിസന്ധിയില്‍; രാവിലെ മുതൽ കണ്ടത് ചക്കക്കൊമ്പനെ
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുലര്‍ച്ചെ നാലരയോടെ ആരംഭിച്ചു. 150 പേരുടെ ദൗത്യസംഘം കാടുകയറി. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ഇവര്‍ പുറപ്പെട്ടത്. മോക്ക്ഡ്രില്ലും മറ്റ് ഒരുക്കങ്ങളും ചിന്നക്കനാലില്‍ ദൗത്യസംഘം പൂര്‍ത്തിയാക്കി. പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.
മയക്കുവെടി വച്ചാൽ നാല് മണിക്കൂർ കൊണ്ട് ദൗത്യം പൂർത്തിയായേക്കും. അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം രഹസ്യമാക്കി വച്ചിരിക്കുകയാണ് വനംവകുപ്പ്. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം പേരാണ് കാടുകയറിയിരിക്കുന്നത്. പ്രദേശത്ത് കാലാവസ്ഥ അനുകൂലമാണ്. മഴ ഇത്തരത്തില്‍ മാറിനിന്നാല്‍ പതിനൊന്നു മണിയോടെ ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ അറിയിച്ചു. ദൗത്യത്തില്‍ നാല് കുങ്കിയാനകളുമുണ്ട്.
അരിക്കൊമ്പനെ ദൗത്യസംഘം പുലര്‍ച്ചെ കണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ ദൗത്യം നീളുകയാണ്. അതിന് കാരണം അരിക്കൊമ്പനൊപ്പമുള്ള കുട്ടിയാനകളടങ്ങുന്ന ആനക്കൂട്ടമാണ്. ഇവര്‍ ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പടക്കമടക്കം പൊട്ടിച്ച് അരിക്കൊമ്പനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നത് ആശങ്കജനകമായ കാര്യമാണ്. 9 ആനകളാണ് അരിക്കൊമ്പനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. മാത്രമല്ല അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്ന 301 കോളനിയിലെ ഭാഗത്ത് വാഹനം എത്തിപെടാൻ പ്രയാസമുള്ള സ്ഥലമാണ്.
എന്നാല്‍ രാവിലെ ദൗത്യസംഘം കണ്ടത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനെയാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങൾ ചക്കക്കൊമ്പന്‍റേതാണെന്നാണ് പ്രദേശവാസികളും പറയുന്നത്. അരിക്കൊമ്പൻ എവിടെയാണെന്ന് അറിയില്ലെന്നും വനം വകുപ്പ് പറയുന്നു. അരിക്കൊമ്പൻ ഉറക്കത്തിലാവാമെന്നും നിഗമനമുണ്ട്. ഉച്ചവരെ അരിക്കൊമ്പൻ സാധാരണ ഗതിയിൽ ഉറക്കമാവുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. ഉൾവനത്തിലെവിടെ എങ്കിലും അരിക്കൊമ്പൻ ഉറങ്ങിക്കിടക്കുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാവും. തെരച്ചിലിനായി കൂടുതൽ സംഘം രംഗത്തെത്തിയിട്ടുണ്ട്.