27 April, 2023 04:50:38 PM
അരിക്കൊമ്പനെ നാളെ പിടികൂടും; മോക്ക് ഡ്രിൽ തുടങ്ങി
ഇടുക്കി: ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന കാട്ടാനയായ അരിക്കൊമ്പനെ നാളെ പിടികൂടും. അരിക്കൊമ്പൻ ദൗത്യം നാളെ പുലർച്ചെ നാലുമുതൽ ആരംഭിക്കാനാണ് തീരുമാനം.
അതിനിടെ, അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങി. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മോക്ക് ഡ്രിൽ.
ആനയെ പിടികൂടി എവിടേക്കാണ് മാറ്റുക എന്ന കാര്യം വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.
വാഹനത്തിലാണ് ആനയ്ക്കായുള്ള കൂടൊരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ചതിനു ശേഷം 3 കുങ്കി ആനകളെയും ഉപയോഗിച്ച് അരിക്കൊമ്പനെ കൂട്ടിലേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ബുദ്ധിമുട്ട് നേരിട്ടാൽ എടുക്കേണ്ട മുൻ കരുതലുകളടക്കം വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിൽ വനം വകുപ്പിന് വീഴ്ച്ച വന്നെന്ന ആരോപണം നിലനിൽക്കെ കൃത്യമായ മുൻകരുതലോടെയാണ് ഉദ്യോഗസ്ഥർ മുന്നോട്ടു പോവുന്നത്.