26 April, 2023 02:39:39 PM


1



കോഴിക്കോട്: പതിറ്റാണ്ടുകളായി മലയാള സിനിമാ ലോകത്ത് നിറഞ്ഞുനിന്ന ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയക്ക് കലാകേരളത്തിന്‍റെ വിട. ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ശേഷമാണ് മാമുക്കോയ അരങ്ങൊഴിയുന്നത്. 

മരവ്യവസായത്തിന് പേര് കേട്ട കോഴിക്കോട് കല്ലായിലെ മരം അളക്കല്‍ ജോലിക്കിടയില്‍ നിന്ന് നാടകവേദിയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും പ്രവേശിച്ച അദ്ദേഹം അവതരിപ്പിച്ച ഹാസ്യകഥാപാത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. 

അഭിനയത്തിന്‍റെ സ്വാഭാവികതയ്ക്കപ്പുറം തന്‍റെ നാടിന്‍റെ ഭാഷാ ശൈലികൊണ്ട് മലയാള സിനിമയില്‍ ഇടം നേടിയ നടനാണ് മാമുക്കോയ. 'കോഴിക്കോടൻ ‍സംഭാഷണശൈലിയുടെ സമർത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്.  കുതിരവട്ടം പപ്പു ഇതിനു മുമ്പ് അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായി മുസ്ലിം സംഭാഷണശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീർന്നത്. 

വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നത്. കെ ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്. ഗഫൂര്‍ക്കാ ദോസ്ത്, ബാലഷ്ണാ ഗൊച്ച് ഗള്ളാ'' തുടങ്ങിയ ഡയലോഗുകള്‍ എക്കാലവും മലയാളികള്‍ നെഞ്ചേറ്റിയവയാണ്. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഏതാനും തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. പുറത്തിറങ്ങാനിരിക്കുന്ന 'സുലേഖ മന്‍സില്‍' ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

400- ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 1979-ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലൂടെയാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കാ മുതല്‍  മലയാളി  മനസില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ അനശ്വരനായ മാമുക്കോയ സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 

സത്യന്‍ അന്തിക്കാടിന്‍റെ ഗാന്ധിനഗര്‍, സെക്കന്‍റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. പെരുമഴക്കാലത്തിലെ അഭിനയത്തിനു സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. ഇന്നത്തെ ചിന്താവിഷയത്തിലെ കഥാപാത്രം മികച്ച ഹാസ്യനടനുള്ള പുരസ്കാരവും മാമുക്കോയക്ക് നേടിക്കൊടുത്തു. 

അന്തരിച്ച നടൻ മാമുക്കോയയുടെ വിങ്ങുന്ന ഓർമ്മകളുമായി നടൻ സായികുമാർ. അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചെന്ന് അറിഞ്ഞപ്പോള്‍ തിരിച്ചുവരുമെന്ന് കരുതിയിരുന്നു. വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവുന്ന സൗഹൃദമല്ല. ബാലകൃഷ്ണായെന്ന വിളിയാണ് ചെവിയിൽ മുഴങ്ങുന്നത്. ആരോടും വിരോധം കാത്തുസൂക്ഷിക്കാത്ത സത്യസന്ധനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന്  സായികുമാർ.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K