25 April, 2023 03:26:00 PM


എടവണ്ണയിലെ യുവാവിന്‍റെ കൊലപാതകം; സുഹൃത്ത് ഷാൻ മുഹമ്മദ് അറസ്റ്റിൽ



മലപ്പുറം: എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിദാൻ ബേസിൽ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. റിദാന്‍റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാൻ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു എടവണ്ണ അറിയലകത്ത് റിദാൻ ബേസിലിനെ ചെമ്പൻ കുത്ത് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് ആണ് മരണം എന്ന് സ്ഥിരീകരിച്ച പോലീസ് ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. യുവാവിന്‍റെ ശരീരത്തിൽ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടായിരുന്നു.

പോസ്റ്റ് മോർട്ടത്തിനിടെ വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയിൽ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. വയറിലേറ്റ വെടിയുണ്ടകളിലൊന്ന് പുറത്തേക്ക് തുളച്ചു കടന്ന നിലയിലായിരുന്നു. ഇതുൾപ്പെടെ നാലു മുറിവുകളാണുണ്ടായിരുന്നത്.

കേസിൽ റിദാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. പ്രതി കൃത്യം ചെയ്യാൻ ഉദ്ദേശിച്ച് റിദാനെ ചെമ്പൻ കുത്ത് മലയിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു.

റിദാനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷാനും റിദാനും സുഹൃത്തുകൾ ആയിരുന്നു. ലഹരി കടത്ത് ശൃംഖലയിലെ കണ്ണികളുമായിരുന്നു. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പാണ് റിദാൻ ജയിൽ മോചിതനായത്. തന്നെ ചിലർ ലഹരി കേസിൽ കുടുക്കിയെന്നും റിദാൻ പറഞ്ഞിരുന്നു. മുൻപ് ഷാനിൻ്റെ സഹോദരൻ വാഹന ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിൽ പോലീസ് പിടിയിലായിരുന്നു. ഇക്കാര്യത്തിലും റിദാന്‍റെ ഇടപെടലിനെ കുറിച്ച് ഷാന് സംശയം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ എല്ലാം ഉള്ള വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K