24 April, 2023 03:38:08 PM
മലങ്കര വർഗീസ് വധക്കേസിൽ 17 പ്രതികളെയും കോടതി വെറുതെ വിട്ടു
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച മലങ്കര വർഗീസ് വധക്കേസിൽ 17 പ്രതികളെയും വെറുതെ വിട്ടു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് 20 വർഷത്തിന് ശേഷമാണ് വിധി വന്നത്.
ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വർഗീസ് 2002 ഡിസംബർ 5നാണ് കൊല്ലപ്പെട്ടത്. സഭാ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. യാക്കോബായ സഭാ വൈദികനും അങ്കമാലി ഭദ്രാസനത്തിന്‍റെ മാനേജരുമായ ഫാദർ വർഗീസ് തെക്കേക്കര അടക്കമുള്ളവരായിരുന്നു കേസിലെ പ്രതികൾ.
വർഗീസ് കൊലക്കേസിലെ കോടതി വിധി അപ്രതീക്ഷിതമെന്ന് മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രതികരിച്ചു. സാക്ഷികൾ കൂറുമാറിയതടക്കമുള്ള സാഹചര്യം, വിധി പകർപ്പ് ലഭിച്ച ശേഷം വിശദമായി പഠിച്ച് മേൽ കോടതികളെ സമീപിക്കും. ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും അഡ്വ ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.