22 April, 2023 08:35:29 PM


പൂപ്പാറയിൽ 24 പേരുമായി പോയ വാൻ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് മരണം



ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 24 യാത്രക്കാർ വാനിൽ  ഉണ്ടായിരുന്നു. രണ്ട് പേര്‍ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണ്. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59), തിരുനെൽവേലി സ്വദേശി വള്ളിയമ്മ (70) എന്നിവരാണ് മരിച്ച രണ്ട്പേര്‍. 

തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്.

മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. എസ് വളവിൽ വെച്ചാണ് അപകടം നടന്നത്. തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K