22 April, 2023 01:24:46 PM


പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്



കൊച്ചി: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്‍റലിജൻസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ച ചാവേർ ആക്രമണമുണ്ടാകുമെന്ന കത്തിനെ ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജൻസ് റിപ്പോര്‍ട്ട്. 

വിഷയം ഗൗരവമായി എടുക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നു. 

പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പി.ഡി.പിയെയും, വെല്‍ഫെയര്‍ പാര്‍ട്ടിയെയും തീവ്രസ്വഭാവമുള്ള സംഘടനകളായിട്ടാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. കൂടാതെ സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐ.ബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്.


രണ്ടുദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കേരളത്തിലെത്തും. തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K