19 April, 2023 11:27:35 AM


മെസഞ്ചറില്‍ സുന്ദരിയുടെ 'ഹായ്'; സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 33 ലക്ഷം



കണ്ണൂർ: സോഷ്യൽ മീഡിയയിൽ ഒരു സുന്ദരിയുടെ 'ഹായ്' സന്ദേശത്തിൽ കുരുങ്ങിയ പയ്യന്നൂർ സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന് നഷ്ടമായത് 33 ലക്ഷം രൂപ. വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഉദ്യോഗസ്ഥന്‍റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ആദ്യം ഹായ് സന്ദേശം എത്തിയത്. പിന്നാലെ യുവതിയുടെ അർധനഗ്ന ചിത്രം എത്തി. അതിനുശേഷമായിരുന്നു തേൻകെണി തട്ടിപ്പ്.


സുന്ദരിയുമായുള്ള ഫേസ്ബുക്ക് മെസഞ്ചറിലെ ചാറ്റ് ദിവസങ്ങൾക്കകം വാട്സാപ്പിലേക്കു മാറി. വിഡിയോ കോൾ ചെയ്യാനായിരുന്നു സുന്ദരിയുടെ അടുത്ത ആവശ്യം. അർധനഗ്നയായി യുവതി ക്യാമറയ്ക്കു മുന്നിലെത്തി. നഗ്നനായി ക്യാമറയ്ക്കു മുന്നിൽ വരാൻ ഉദ്യോഗസ്ഥനോടു സുന്ദരി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ഇത് അനുസരിച്ചു. ഇതെല്ലാം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടു നടന്നതാണ്.

അടുത്ത ദിവസം മുതൽ സുന്ദരിയുടെ വിവരമില്ല. വിഡിയോ കോളുമില്ല. യുവതിയുടെ അടുത്ത ബന്ധുവെന്നു പറഞ്ഞു മറ്റൊരാൾ പിറ്റേന്നു വിളിച്ചു. ഉദ്യോഗസ്ഥന്‍റെ നഗ്നദൃശ്യങ്ങൾ കയ്യിലുണ്ടെന്നും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം.


പേടിച്ചുപോയ ഉദ്യോഗസ്ഥന് അനുസരിക്കേണ്ടി വന്നു. യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നായി അടുത്ത ഭീഷണി. 15,000 രൂപ മുതൽ 50,000 രൂപ വരെയുള്ള തുകകൾ ഇങ്ങനെ ഓരോ കാരണം പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിയെടുത്തു.

വിഡിയോ കോളിനിടെ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതായി പരാതിയുണ്ടെന്നും പറഞ്ഞ് ഡൽഹി ക്രൈംബ്രാഞ്ചിൽ നിന്നും സിബിഐയിൽ നിന്നാണെന്നുമൊക്കെ പറഞ്ഞായി അടുത്ത ഭീഷണികൾ. ഏറ്റവുമൊടുവിൽ, യുവതി ആത്മഹത്യ ചെയ്തതായും ഉദ്യോഗസ്ഥന്‍റെ പേരെഴുതിയ പരാതിയും ഉദ്യോഗസ്ഥന്‍റെ നഗ്നദൃശ്യം തെളിവായി കയ്യിലുണ്ടെന്നുമുള്ള ഭീഷണിയുമെത്തി. 10 ലക്ഷം രൂപ. നൽകാനായിരുന്നു ആവശ്യം. ഉദ്യോഗസ്ഥനു വഴങ്ങേണ്ടി വന്നു. അങ്ങനെ ഒന്നര മാസത്തിനകം ഇയാൾക്കു നഷ്ടപ്പെട്ടത് 33 ലക്ഷം രൂപ.

പിഎഫിൽ നിന്നടക്കം കടമെടുത്താണു പണം നൽകിയത്. എന്നിട്ടും ഭീഷണി തുടർന്നതോടെ, ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായി. ആത്മഹത്യയുടെ വക്കിലെത്തി. ഇതു ശ്രദ്ധിച്ച കുട്ടുകാരൻ നിർബന്ധിച്ചപ്പോഴാണു തട്ടിപ്പിനിരയായ കാര്യം പറഞ്ഞതും സൈബർ പൊലീസിൽ പരാതി നൽകിയതും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K