19 April, 2023 10:47:15 AM
ട്രാക്‌ടര്‍ നന്നാക്കുന്നതിനിടെ കൈ കുടുങ്ങി; അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു
ഇടുക്കി: ട്രാക്‌ടര്‍ ഗിയര്‍ബോക്‌സിന്‍റെ പല്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഡ്രൈവറുടെ കൈ പുറത്തെടുക്കാനായത് മണിക്കൂറുകള്‍ക്ക് ശേഷം. തൊടുപുഴ കാളിയാര്‍ മുള്ളന്‍ കുത്തിയില്‍ രാവിലെ ഏഴരയോടുകൂടിയാണ് സംഭവം. തേനി സ്വദേശി രാജാറാമിന്‍റെ (53) കൈയാണ് കുടുങ്ങിയത്.
ഡബിള്‍ ഗിയര്‍ വീണപ്പോള്‍ ശരിയാക്കുന്നതിനായി ഗിയര്‍ബോക്സിന്‍റെ മുകള്‍ഭാഗം അഴിച്ച് കൈ അകത്തേക്ക് കയറ്റിയപ്പോള്‍ കുടുങ്ങി പോവുകയായിരുന്നു. രാജാറാം ഗിയര്‍ബോക്സ് മുന്‍പും ശരിയാക്കാറുണ്ടായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറോളം ഡ്രൈവറുടെ സഹായിയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമായി.
തുടര്‍ന്ന് കാളിയാര്‍ പൊലീസ് തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി. ഈ സമയം മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി രാജാറാമിന് പ്രഥമ ശുശ്രൂഷ നല്‍കിയിരുന്നു.
അഗ്നിരക്ഷാ സേനയുടെ ഹൈഡ്രോളിക് സ്പ്രഡര്‍, ടോര്‍ച്ച് കട്ടര്‍ എന്നിവ ഉപയോഗിച്ച് ട്രാക്ടര്‍ മെക്കാനിക്കുമാരുടെ സഹായത്തോടെ ഗിയര്‍ ഷിഫ്റ്റിംഗ് ഷാഫ്റ്റ് കട്ട് ചെയ്താണ് രാജാറാമിന്‍റെ കൈ പുറത്തെടുത്തത്. പിന്നാലെ ഉടന്‍ തന്നെ രാജാറാമിനെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ തൊടുപുഴ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ സലാം, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ അലിയാര്‍, ഫയര്‍ ആന്റ് ഓഫീസര്‍ ഡ്രൈവര്‍ വിജയന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഷിബിന്‍ ഗോപി, ജെയിംസ് നോബിള്‍, ജിഷ്ണു എം പി, ഹോം ഗാര്‍ഡ് ബെന്നി എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാളിയാര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.