18 April, 2023 03:30:15 PM


പരീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ



കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് റെയില്‍വേ ചീഫ് കണ്‍ട്രോളറെ ദക്ഷിണ റെയിൽവേ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കണ്‍ട്രോളര്‍ ബി എല്‍ കുമാറിനെതിരെയാണ് സസ്‌പെന്‍ഷന്‍ നടപടി.


കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ വന്ദേഭാരത് മടക്കയാത്രയിൽ പിറവത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു.


ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ്പ്രസ് തിങ്കളാഴ്ച വൈകിട്ട് പിറവം റോഡ് സ്റ്റേഷനില്‍ വേണാട് എക്‌സ്പ്രസ് എത്തിയതിന് പിന്നാലെ തന്നെ വന്ദേഭാരത് എക്സ്പ്രസ് ട്രയൽ റണ്ണിന്‍റെ ഭാഗമായി എത്തിയിരുന്നു. എന്നാൽ കൂടുതല്‍ യാത്രക്കാരുള്ളതിനാല്‍ വേണാട് എക്‌സ്പ്രസിനെ ആദ്യം കടന്നുപോകാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വന്ദേഭാരത് വൈകുകയായിരുന്നു.


കണക്കുകൂട്ടിയതിനേക്കാൾ മിനിട്ടുകൾ വൈകിയാണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്ത് എത്തിയത്. ഈ വിഷയത്തിൽ ദക്ഷിണറെയിൽവേ അധികൃതർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ചീഫ് കൺട്രോളർക്കെതിരെ നടപടി സ്വീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K