18 April, 2023 11:21:59 AM
പൊലീസിനെ വെല്ലുവിളിച്ച് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഘം
കോഴിക്കോട്: പൊലീസിനെ വെല്ലുവിളിച്ച് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്‍റെ വാട്സ്ആപ്പ് സന്ദേശം. 10 ദിവസം ഷാഫി തങ്ങളുടെ കൈയിൽ ഉണ്ടായിരുന്നിട്ടും പോലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലും രണ്ടുവർഷം കഴിഞ്ഞിട്ടല്ലേ പോലീസിന് പ്രതികളെ പിടിക്കാൻ കഴിഞ്ഞത്.
ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചിട്ട് ഇറങ്ങിയാൽ അതിൽ നിന്നും പിന്മാറില്ലെന്നും സംഘം പുറത്ത് വിട്ട സന്ദേശത്തിൽ പറയുന്നു. ഞങ്ങളുടെ രീതി ഇതാണ്. അതിനുവേണ്ടി എന്ത് അനുഭവിക്കേണ്ടി വന്നാലും ഞങ്ങളുടെ കൂട്ടത്തിലുള്ളവർ തയ്യാറാണ്. ആശ്രയിക്കുന്നവരെ ഒരിക്കലും ചതിക്കില്ല. അവരുടെ പേരുകൾ വെളിപ്പെടുത്തുകയും ഇല്ല. അതാണ് ഞങ്ങളോടുള്ള വിശ്വാസം. ഇതിന്‍റെ പേരിൽ എന്ത് കേസ് വന്നാലും അകത്ത് കിടക്കാൻ തയ്യാറാണെന്നും ക്വട്ടേഷൻ സംഘം.
ശബ്ദ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ,
"ഷാഫിയെ ഞങ്ങൾ വിട്ടയച്ചു. ഞങ്ങളുമായുള്ള ഇടപാടുകൾക്ക് തീർപ്പ് ആക്കി. ഞങ്ങൾ ഏറ്റെടുത്ത ഒരു കോട്ടഷൻ വർക്കുകളും ഉത്തരം കിട്ടാതെ ഇരുന്നിട്ടില്ല. ഇപ്പോൾ 10 ദിവസം ആയി ഷാഫി ഞങ്ങളുടെ കയ്യിൽ. പോലീസ് പോലും എവിടെയാണെന്ന് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. സാമാനമായ കേസ് ആണ് എറണാകുളം ബ്യൂട്ടിപാർലർ വെടിവെപ്പ്. 2വർഷം കഴിഞ്ഞിട്ടാണ് യഥാർത്ഥ പ്രതികളിലേക്ക് പോലീസ് എത്തിപ്പെട്ടത്. ഞങ്ങളുടെ രീതി ഇങ്ങനെയാണ്. നിലവിൽ ഷാഫി മൂലം സൗദി ജയിലിൽ കഴിയുന്ന നിരപരാധികളെ വിട്ടയാക്കാനുള്ള നിയമനടപടികൾ സ്വീകരിക്കാനുള്ള വഴിയും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഞങ്ങൾ ഒരുകാര്യം തീരുമാനിച്ച് ഇറങ്ങിയാൽ അതിൽ നിന്നും പിന്മാറില്ല. അതിനു വേണ്ടി എന്ത് അനുഭവിക്കേണ്ടി വന്നാലും നേരിടാൻ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരും തയ്യാറാണ്. വലിയ വലിയ തട്ടിപ്പ് നടത്തി പാവങ്ങളെ പറ്റിക്കുന്ന ആളുകളുടെ കാര്യങ്ങൾ ആണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. പാവങ്ങളെ ഞങ്ങൾ ഇതുവരെയും ഉപദ്രവിച്ചിട്ടില്ല. വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം ചോദിച്ചിട്ടില്ല.
മറ്റുള്ളവരെ പറ്റിക്കുന്നതും അതുമായി ബന്ധപ്പെട്ടതും മറ്റു രാജ്യങ്ങളിൽ നടത്തുന്ന തട്ടിപ്പ് കേരളത്തിൽ കേസ് എടുക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. അവരുടെ അവസ്ഥകൾ കാണുമ്പോളാണ് ഞങ്ങൾ ഇതു ഏറ്റെടുക്കുന്നത്. ഞങ്ങളെ ആശ്രയിക്കുന്നവരെ ഞങ്ങൾ ഒരിക്കലും ചതിക്കില്ല. അവരുടെ പേരുകൾ വെളിപ്പെടുത്തുകയും ഇല്ല. അതാണ് ഞങ്ങളോടുള്ള വിശ്വാസം. ഇതുമായി എന്ത് കേസ് വന്നാലും അകത്തു കിടക്കാൻ ഞങ്ങടെ കൂട്ടത്തിലുള്ളവർ റെഡി ആണ്".
കഴിഞ്ഞ ദിവസമാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ താമരശ്ശേരി സ്വദേശി ഷാഫി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയ പതിനൊന്നാം ദിവസം ക്വട്ടേഷൻ സംഘം തന്നെ ഷാഫിയെ വിട്ടയക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാളെ കണ്ടെത്തിയത്.
ഇതിനിടയിൽ ഷാഫിയുടെ മൊഴി പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടു പോയത് സാലിയെന്ന ആളാണെന്ന് ഷാഫി പറയുന്നു. ഗൾഫിൽ നിന്നുള്ള പണമിടപാടിന്‍റെ പേരിലാണ് തട്ടിക്കൊണ്ടുപോയത്. ഇവർ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നുമാണ് ഷാഫിയുടെ മൊഴിയിലുള്ളത്.