08 April, 2023 11:50:17 AM
സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച കേസിൽ 4 പേര്‍ അറസ്റ്റിൽ

മലപ്പുറം: അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മർദിച്ച കേസിൽ ഭർത്താവും ബന്ധുക്കളുമടക്കം 4 പേര്‍ അറസ്റ്റിൽ.
രാമൻകുത്ത് വീട്ടിച്ചാൽ സ്വദേശി പൂളക്കുന്നൻ സുലൈമാൻ(44), സഹോദരൻ ഷിഹാബ് (42), സുലൈമാന്‍റെ മകളുടെ ഭർത്താവ് മുമുള്ളി സ്വദേശി തോടേങ്ങൽ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതിൽ സൽമാൻ(24) എന്നിവരേയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
വെളളിയാഴ്ച രാവിലെ 10.30 ഓടെ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലാണ് സംഭവം. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവർ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേൽപ്പിച്ചത്.
കുട്ടി ബോണറ്റിന് സമീപമുള്ള കമ്പിയിൽ പിടിച്ചാടുന്നത് കണ്ട് ഉമ്മയുടെ കൂടെ സീറ്റിലിരിക്കാൻ ആവശ്യപ്പെട്ടതിനു യുവതി പ്രകോപിതയായി കുട്ടിയുമൊത്ത് കരിമ്പുഴയിൽ ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.
തുടർന്ന് ബസ് തിരികെ 10.30ന് ചന്തക്കുന്ന് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് ഡ്രൈവറെ സംഘം ആക്രമിച്ചത്. പ്രതികൾ ഷാനവാസിനെ ബസിൽനിന്നും വലിച്ചിറക്കി അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബസ് ജീവനക്കാരും നാട്ടുകാരും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ ഷാനവാസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.





