06 April, 2023 01:16:22 PM
ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രധാന പ്രതി ഷാരൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് സർജന്‍റെ ഓഫിസിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ.
നിലവിൽ ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ്. ഇയാൾക്ക് വിശദ മെഡികൽ പരിശോധന നടത്തുമെന്ന് ഡിജിപി അറിയിച്ചു. ആരോഗ്യസ്ഥിതി മനസിലാക്കിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുക. ഈ ഘട്ടത്തിൽ ഭീകരബന്ധം ഉണ്ടോ എന്ന് പറയാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ ഇയാളുടെ പല മൊഴികളും കളവാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് പൊലീസ്. ചോദ്യങ്ങളോട് ഇയാൾ സഹകരിക്കുന്നുണ്ടെങ്കിലും പല ഉത്തരങ്ങളും പഠിച്ചു പറയുന്നതുപോലെയാണ്. അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനുള്ള നീക്കം നടക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
ഇയാൾ കേരളത്തിൽ എത്തുന്നത് ആദ്യാമായിട്ടാണെന്നും കേരളത്തെക്കുറിച്ചുള്ള കേട്ടറിവ് മാത്രമാണ് ഉള്ളതെന്നുമാണ് മൊഴി. എന്നാൽ കേരളത്തിൽ ആദ്യമായി എത്തുന്ന ഒരാൾ എന്തിനാണ് ഇത്തരമൊരു കുറ്റകൃത്യം നടത്തിയതെന്നതടക്കം നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ട്രെയിനിൽ തീ വെയ്ക്കാനുള്ള ആലോചനയും കുറ്റകൃത്യം നടപ്പിലാക്കിയതും ഒറ്റയ്ക്കാണെന്നാണ് പ്രതി പറയുന്നത്. എന്നാൽ ആക്രമണം നടത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലായിരുന്നു.
തീ വെപ്പിന് ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തിയെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന് ശേഷം പൊലീസ് ട്രെയിനിൽ പരിശോധന നടത്തുമ്പോൾ ഇയാൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഒളിച്ചിരുന്നു. കണ്ണൂരില്‍ നിന്നും രക്ഷപ്പെട്ടത് മരുസാഗര്‍ എക്‌സ്പ്രസിലാണ്. കണ്ണൂരിൽ നിന്നും ടിക്കറ്റെടുക്കാതെ ട്രെയിനിൽ ജനറൽ കംപാർട്ടുമെന്‍റിലാണ് രത്നഗിരിയിലേക്ക് പോയത് എന്നും ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം. എന്നാൽ അക്രമം നടത്തിയ ട്രെയിനിൽ തന്നെയാണ് പ്രതി രക്ഷപ്പെട്ടതെന്ന മൊഴി ഗുരുതരമായ കാര്യമാണെന്നും പൊലീസ് പറയുന്നു.