04 April, 2023 01:20:18 PM
ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയില്‍
കോഴിക്കോട്: ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയില്‍. ഉത്തർപ്രദേശിലെ ബുലന്ത്ഷഹറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇക്കാര്യം ഔദ്യോഗികമായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. റെയിൽവേ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ ഉത്തർപ്രദേശിലേക്ക് തിരിച്ചിരുന്നു. അന്വേഷണസംഘം നോയിഡയിലെത്തിയിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ അജ്ഞാതൻ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ യാത്രക്കാരുടെ ദേഹത്തേക്ക് വീശിയൊഴിച്ച ശേഷം തീ കൊളുത്തിയത്.സംഭവത്തെത്തുടർന്ന് യാത്രക്കാരായ മൂന്നുപേരെ റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തീവെപ്പിൽ പൊള്ളലേറ്റ ഒമ്പതുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ടിരുന്നു.
എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ ഇംഗ്ലീഷിലും ഹിന്ദിയലുമുള്ള കുറിപ്പുകൾ അടങ്ങിയ ബുക്കും അരക്കുപ്പി പെട്രോൾ, മൊബൈൽ ഫോൺ, ചാർജർ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടിഫിൻ ബോക്സുമാണ് കണ്ടെടുത്തിരുന്നു.