03 April, 2023 11:05:36 AM


ട്രെയിനിൽ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കുറിപ്പുകൾ കണ്ടെത്തി



കോഴിക്കോട്: ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ സംഭവത്തിൽ അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകൾ കണ്ടെത്തി. എലത്തൂർ റെയിൽവേ സ്റ്റേഷൻ സമീപം ട്രാക്കിൽ നിന്നാണ് ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.


തിരുവനന്തപുരത്തെ കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി സ്ഥലപ്പേരുകളും ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവും കുറിപ്പിലുണ്ട്.  പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്. അരക്കുപ്പി പെട്രോൾ എന്ന് സംശയിക്കുന്ന ദ്രാവകം, മൊബൈൽ ഫോൺ, ചാർജർ വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, ടിഫിൻ ബോക്സ്, എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്.


സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പുറപ്പെടും. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കാണ് പോകുന്നതെങ്കിലും ട്രെയിന്‍ ആക്രണത്തെക്കുറിച്ചുള്ള അന്വേഷണം ഡിജിപി വിലയിരുത്തുമെന്നാണ് സൂചന.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ (16307) കോരപ്പുഴയ്ക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ഡി 1 കോച്ചിലുണ്ടായിരുന്നവർക്കു നേരെ പെട്രോൾ വീശിയൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K