26 March, 2023 07:07:04 PM


കസ്റ്റഡിയിൽ മരിച്ച മനോഹരന്‍റെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്



കൊച്ചി : എറണാകുളം തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണു മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്‍റെ മരണ കാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ല. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.


വാഹന പരിശോധനക്കിടെ മനോഹരനെ പൊലീസ് സംഘം മര്‍ദ്ദിച്ചു എന്ന് ദൃക്‌സാക്ഷികളുടെ മൊഴി പുറത്തുവന്നിരുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇരുമ്പനത്ത് പൊലീസ് പരിശോധന സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകൃത്യത്തില്‍ എസ് ഐ ജിമ്മി ജോസിനെതിരെ മാത്രമാണ് നടപടി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കും.


ഇന്നലെ രാത്രി 9 മണിക്കാണ് ഇരുമ്പനം കര്‍ഷക കോളനിയിലെ വളവില്‍, ഹില്‍ പാലസ് പൊലീസ് സംഘം പരിശോധന നടത്തിയത്. സ്‌പെയര്‍ പാര്‍ട്‌സ് കട അടച്ച് വീട്ടില്‍ വരികയായിരുന്ന മനോഹരനെ ഇരുട്ടില്‍ ഒരു പൊലീസുകാരന്‍ കൈകാണിച്ചു. വാഹനം നിര്‍ത്താതെ മുന്നോട്ട് പോയ മനോഹരനെ വളവില്‍ വച്ച് പൊലീസ് സംഘം തടഞ്ഞു. വണ്ടി നിര്‍ത്തിയ മനോഹരന്‍ ഹെല്‍മറ്റ് ഊരിയ പാടെ വണ്ടി നിര്‍ത്താത്തത് ചോദ്യം ചെയ്ത് പൊലീസ് മുഖത്തടിച്ചു എന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.


മദ്യപിച്ചോ എന്ന് പരിശോധിച്ചതില്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായതിന് പിന്നാലെ ജീപ്പില്‍ കയറ്റി ഹില്‍ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിന് പിഴ ചുമത്തുന്നതിനാണ് സ്റ്റേഷനില്‍ കൊണ്ടു പോയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പിന്നാലെ മനോഹരന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആദ്യം തൃപ്പുണ്ണിത്തുറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുച്ചു. പിന്നാലെ എറണാകുളം മെഡി. ട്രസ്റ്റില്‍ വച്ച് പത്ത് മണിയോടെ മരണം സ്ഥിരീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K