24 March, 2023 10:15:34 PM


5000 രൂപ കൈക്കൂലിക്ക് 5 വിരല്‍ വാട്സ്ആപ്പ് സന്ദേശം: കൃഷി അസിസ്റ്റന്‍റ് വിജിലൻസ് പിടിയില്‍



കൊച്ചി: നിലം നികത്തു ഭൂമി അളന്നു തരം മാറ്റി പുരയിടമാക്കി മാറ്റുന്നതിന് അനുകൂല റിപ്പോർട്ട് നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്‍റ് വിജിലൻസ് പിടിയിലായി. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര കൃഷി അസിസ്റ്റന്‍റ്  പ്രജിൽ ആണ് ഇന്ന് പിടിയാലയത്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര സ്വദേശിയും ഓസ്ട്രേലിയയിൽ ജോലി നോക്കി വരുന്നതുമായ ആളുടെ പരാതിയിലാണ് നടപടി.

പരാതിക്കാരന്‍റെയും ഭാര്യയുടെയും പേരിൽ പുത്തൻവേലിക്കരയിലുള്ള നിലം നികത്തു ഭൂമി അളന്നുതിട്ടപ്പെടുത്തി പുരയിടമായി മാറ്റുന്നതിലേക്കായി കഴിഞ്ഞവർഷം അക്ഷയ മുഖന അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വർഷം നാട്ടിലെത്തിയ പരാതിക്കാരൻ ഇക്കഴിഞ്ഞ ബുധനാഴ്ച പുത്തൻവേലിക്കര കൃഷി ഓഫീസറെ കണ്ടപ്പോൾ അളന്നുതിട്ടപ്പെടുത്തുന്നതിനായി കൃഷി അസിസ്റ്റന്‍റ് പ്രജിലിനെ ചുമതലപ്പെടുത്തി.

ഇന്നലെ ഭൂമി അളന്നശേഷം പ്രജിൽ പരാതിക്കാരന്‍റെ മൊബൈലിലേക്ക് 5 കൈവിരൽ ഉയർത്തിയ വാട്സ്ആപ്പ് സന്ദേശം അയക്കുകയുണ്ടായി. ഇതേക്കുറിച്ച് വിളിച്ച് ചോദിച്ച പരാതിക്കാരനോട് നിലം നികുതി പുരവീടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലിയായി നൽകണമെന്ന് പറഞ്ഞു. പരാതിക്കാരൻ ഈ വിവരം വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിൽ വിളിച്ച് അറിയിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഇന്‍റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ അന്വേഷിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് എറണാകുളം വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ബാബുക്കുട്ടനെ ചുമതലപ്പെടുത്തി.

വിജിലൻസ് സംഘത്തിന്‍റെ നിര്‍ദേശപ്രകാരം ഇന്ന് രാവിലെ 11.00 മണിയോടെ പുത്തൻവേലിക്കര കൃഷി ഓഫീസിന് സമീപത്തുള്ള ബേക്കറിയുടെ പുറകിൽ വച്ച് പരാതിക്കാരന്‍ 5,000 രൂപ പ്രജിലിന് കൈക്കൂലിയായി കൈമാറി. ഈ സമയം വിജിലൻസ് സംഘം ഇയാളെ കൈയ്യോടെ പിടികൂടി. അറസ്റ്റിലായ കൃഷി അസിസ്റ്റന്‍റ് പ്രജിലിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

വിജിലൻസ് സംഘത്തിൽ പോലീസ് ഇൻസ്പെക്ടർമാരായ മധു, സാജു ജോസഫ്, സബ് ഇൻസ്പെക്ടർമാരായ സണ്ണി, ഹരീഷ് കുമാർ, മാർട്ടിൻ, അസിസ്റ്റന്റ് സബ് ഇൻസെക്ടർമാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ എസ്.സി.പി.ഓ മാരായ ജയദേവൻ, രതീഷ് കുമാർ, പ്രമോദ് കുമാർ, മനോജ്, ബിനീഷ്, പ്രജിത്ത് എന്നിവരുമുണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 ലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ മനോജ് എബ്രഹാം. അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K