24 March, 2023 04:02:31 PM
പൊതുജനങ്ങൾക്ക് സൗജന്യമായി നിയമസഹായം: നുവാൽസിൽ പ്രൊ ബോണോ ക്ലബിന് തുടക്കം
കൊച്ചി : പൊതുജനങ്ങൾക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള ദേശീയ പദ്ധതിയായ ന്യായബന്ധുവിന്‍റെ ഭാഗമായി നുവാൽസിൽ പ്രൊ ബോണോ ക്ലബ് പ്രവർത്തനം ആരംഭിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള നിയമവിഭാഗം ഡീൻ ഡോ കെ സി സണ്ണി ഉദ്ഘാടനം നിർവഹിച്ചു. നിയമ പഠനത്തിൽ നിയമസഹായം ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു. മുഖ്യപ്രസംഗം നടത്തിയത് ഡി എൽ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണനാണ് .ഡി എൽ എസ് എ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടത്തിവരുന്ന സൗജന്യ നിയമ സഹായത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
മധ്യസ്ഥതയിലൂടെ ഒട്ടേറെ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താനാവുമെന്നു അനുഭവങ്ങൾ പറഞ്ഞു ആക്ടിങ് വി സി ജസ്റ്റിസ് (റിട്ട) എസ് സിരിജഗൻ വിവരിച്ചു. നുവാൽസ് അസി പ്രൊഫസർ ഡോ അപർണ്ണ ശ്രീകുമാറും സംസാരിച്ചു. ശില്പശാലയുടെ ആദ്യദിവസം കുടുംബശ്രീ പ്രവർത്തകർക്ക് മാത്രമായി അഡ്വ പി ജി സുരേഷ് മധ്യസ്ഥതയുടെ വിവിധ വശങ്ങൾ മാതൃകാ പ്രവൃത്തി പരിചയത്തിലൂടെ വിശദീകരിച്ചു. രണ്ടാം ദിവസം നിയമ വിദ്യാർഥികൾക്കും അഭിഭാഷകർക്കുമായി അഡ്വ ലത എം എസ് ക്ലാസ്സെടുത്തു. ദ്വിദിന ശിൽപ്പശാലയിൽ തർക്കങ്ങങ്ങളും പരിഹാരങ്ങളും എങ്ങനെ എന്ന് മനസ്സിലാക്കുന്ന ഡെമോ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു .
ചിത്ര വിവരണം: നുവാൽസിൽ പ്രൊ ബോണോ ക്ലബ്ബിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഡി എൽ എസ് എ സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ സംസാരിക്കുന്നു. ഡോ അപർണ്ണ ശ്രീകുമാർ , ഡോ കെ സി സണ്ണി, ആക്ടിങ് വിസി ജസ്റ്റിസ് (റിട്ട) എസ് സിരിജഗൻ, പി ജി സുരേഷ് , ഡോ ആശാ ജി എന്നിവർ വേദിയിൽ