24 March, 2023 03:11:00 PM
മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി കര്‍ണാടക സ്വദേശി പിടിയില്‍
വയനാട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുമായി കർണ്ണാടക സ്വദേശിയായ യുവാവ് പിടിയില്‍. ബെംഗളൂരു ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡയാണ് പിടിയിലായത്.
വയനാട് തോൽപ്പെട്ടിയില്‍ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് അതിമാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയത്.
തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും മാനന്തവാടി എക്സൈസ് റെയിഞ്ച് പാർട്ടിയും, വയനാട് എക്സൈസ് ഇന്‍റലിജന്‍സ് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കു മരുന്നായ 0.079 ഗ്രാം എൽ. എസ്. ഡി സ്റ്റാമ്പുമായി അശ്വതോഷ് ഗൗഡയെ അറസ്റ്റ് ചെയ്തത്.
20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിൽജിത്ത്. പി.ബിയുടെ നേതൃത്വത്തിലിലാണ് പരിശോധന നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.