23 March, 2023 04:10:03 PM
ചോലക്കാടുകളിൽ ചുറ്റിക്കറങ്ങി അരിക്കൊമ്പൻ; പിന്നാലെ വനംവകുപ്പ്
ഇടുക്കി: മയക്കുവെടി വയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പെരിയകനാലിലെ ചോലക്കാടുകളിൽ തുടരുകയാണ് അരിക്കൊമ്പൻ. ദൗത്യ മേഖലയായ 301 കോളനിക്ക് സമീപത്ത് ഇന്നലെ എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയക്കനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്. ദൗത്യം വിലയിരുത്താൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ 25-ന് ചിന്നക്കനാലിലെത്തും.
അരിക്കൊമ്പൻ ഇപ്പോൾ നിൽക്കുന്ന പെരിയകനാലിലെ ചോലക്കാട്ടിൽ നിന്നും രണ്ടു കിലോമീറ്ററോളം അകലെയാണ് മയക്കു വെടി വക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന 301 കോളനിയും സിമൻറു പാലവുമൊക്കെ. ഇതിനിടയിലാണ് ആനയിറങ്കൽ അണക്കെട്ട്. എസ്റ്റേറ്റിലെ തേയിലച്ചെടികൾക്കും ചോലക്കാട്ടിലുമായി തുടരുന്ന ആന ഞായറാഴ്ചയോടെ തിരികെ ഇറങ്ങിവരുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി താഴേക്ക് ഇറക്കേണ്ടി വരും.
ദൗത്യം വിലയിരുത്താൻ ചിന്നക്കനാലിലെത്തുന്ന വനംമന്ത്രി ശനിയാഴ്ച വനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ദൗത്യം വിജയിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയാകും. ആനപ്രേമികൾ കേസ് നൽകിയാൽ തിരിച്ചടിയാകാതിരിക്കാൻ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരിക്കും ദൗത്യമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ ദൗത്യത്തിന്റെ ഭാഗമായി ആളുകളെ ബോധവൽക്കരിക്കുന്ന നടപടികൾ ചിന്നക്കനാൽ പഞ്ചായത്ത് തുടങ്ങി. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ രണ്ട് കുങ്കിയാനകളും നാളെ വയനാട്ടിൽ നിന്നും ചിന്നക്കനാലിലേക്ക് തിരിക്കും.