22 March, 2023 02:23:51 PM


മകന്‍റെ ലഹരിമരുന്ന് ഉപയോഗത്തിനും അത് സൂക്ഷിക്കുന്നതിനും കൂട്ടുനിന്ന അമ്മ അറസ്റ്റില്‍



കൊച്ചി: മകന്‍റെ ലഹരിമരുന്ന് ഉപയോഗത്തിനും അത് സൂക്ഷിക്കുന്നതിനും കൂട്ടുനിന്ന അമ്മയെ അറസ്റ്റു ചെയ്തു. കൊച്ചി എളങ്കുന്നപ്പുഴയില്‍ വീട്ടില്‍നിന്ന് കഞ്ചാവും രാസലഹരിയും പിടിച്ചെടുത്ത സംഭവത്തിലാണ് വീട്ടമ്മ അറസ്റ്റിലായത്. എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്.


വീട്ടിൽ എക്‌സൈസും കോസ്റ്റല്‍ പൊലീസും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്‍റെ ശേഖരം പിടിച്ചെടുത്തതും തുടർന്ന് ഖലീലയെ അറസ്റ്റു ചെയ്തതതും. ഇവരെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ മകൻ രാഹുലാണ് കേസിൽ ഒന്നാം പ്രതി.


രാഹുൽ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കുന്ന ആളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മകന് അമ്മ ഖലീല പൂർണ്ണ പിന്തുണ നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. മകൻ വീട്ടിൽ കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതും അമ്മയായിരുന്നു. വീട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മകന്‍റെ പ്രവർത്തികളെ പിന്തുണച്ച് ഇവർ സംസാരിക്കുകയും ചെയ്തിരുന്നു. ഈ പ്രായത്തിൽ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണെന്ന രീതിയിലാണ് ഇവർ ഉദ്യോഗസ്ഥരോട് സംസാരിച്ചതും.


മകന്‍റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ എതിർത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഒത്താശ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും ഖലീല മകന്‍റെ പ്രവൃത്തിയെ നിസാരവത്കരിക്കാൻ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.


ഖലീലയുടെ വീട്ടില്‍ നിന്നും 70 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. വീട്ടിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയെന്നും അമ്മയെ അറസ്റ്റു ചെയ്തെന്നും അറിഞ്ഞതോടെ ഖലീലയുടെ മകൻ രാഹുൽ ഒളിവിൽ പോകുകയായിരുന്നു. രാഹുല്‍ നേരത്തെയും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K