22 March, 2023 12:22:37 PM


സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും ഇ ഡി അന്വേഷണം



കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ നിയമനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം തുടങ്ങി. ഇതിന്‍റെ ഭാഗമായി സ്പേസ് പാർക്ക് സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറിപ്പിന്‍റെ മൊഴി ഇ ഡി രേഖപ്പെടുത്തി. ഇന്നലെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് സന്തോഷ് കുറുപ്പിനെ ചോദ്യം ചെയ്തത്. ഇന്നും സന്തോഷ് ഇ ഡിക്ക് മുമ്പിൽ ഹാജരായിട്ടുണ്ട്.


സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് നിർദേശിച്ച കൺസൽറ്റന്‍റായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പ്രതിനിധികൾക്കും ഇ ഡി നോട്ടീസ് അയച്ചു. സ്വപ്നയുടെ നിയമനത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്നും സാമ്പത്തിക ഇടപാടുണ്ടെങ്കിൽ അതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുമാണ് ഇ ഡി അന്വേഷിക്കുന്നത്.


യുഎഇ കോൺസുലേറ്റിലെ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സ്വപ്ന സുരേഷിന് സ്പേസ് പാർക്കിൽ ജോലി ലഭിച്ചത്. സ്വപ്നയ്ക്ക് ജോലി ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.


ഇതിനിടെ, വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സിഇഒ യു വി ജോസ് വീണ്ടും എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായി. തുടർച്ചയായ രണ്ടാം ദിവസമാണ് യു വി ജോസ് ഹാജരാകുന്നത്. സന്തോഷ് ഈപ്പന്‍റെ അറസ്റ്റിന് പിന്നാലെയാണ് മുൻ സി ഇ ഒ യു വി ജോസിനെ ഇ ഡി വിളിച്ചു വരുത്തിയത്.


കഴിഞ്ഞയാഴ്ച ഇ ഡി യു വി ജോസിന്‍റെ മൊഴിയെടുത്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് യൂണിടാക്കുമായുള്ള കരാറിൽ ഒപ്പുവെച്ചതെന്നും സന്തോഷ് ഈപ്പനെ തനിക്ക്‌ പരിചയപ്പെടുത്തിയത്‌ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം ശിവശങ്കറാണെന്നും യു വി ജോസ്‌ മൊഴി നൽകിയതായാണ്‌ വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K