21 March, 2023 02:44:10 PM


എ രാജയുടെ ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു



കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.  10 ദിവസം വരെ ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കുന്നതിനാണ് സമയം അനുവദിച്ചത്. ഈ കാലയളവിൽ എം.എൽ.എ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി സ്റ്റേ അനുവദിച്ചു. ജസ്റ്റീസ് പി സോമരാജന്‍റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്.


വോട്ടിംഗ് അവകാശവും എംഎൽഎ എന്ന നിലയിൽ ഈ കാലയളവിൽ ഇല്ല. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ രാജ എംഎൽഎ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. സിപിഎം സെക്രട്ടറിയേറ്റിൽ ആയിരുന്നു തീരുമാനം.


യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഡി കുമാർ നൽകിയ ഹര്‍ജിയിൽ കഴിഞ്ഞദിവസം  രാജയുടെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തിൽ ഉൾപ്പെട്ട പട്ടിക ജാതിക്കാരൻ എന്ന് അവകാശപ്പെടാൻ കഴിയില്ലാത്തതിനാൽ പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎൽഎയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.
പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപെട്ടയാളാണ് രാജയെന്നും പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ അർഹതയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇത് അനുവദിച്ചായിരുന്നു ജസ്റ്റിസ് പി സോമരാജന്‍റെ ഉത്തരവ്.



ക്രിസ്തുമത വിശ്വാസികളായ അന്തോണി– എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമായിരുന്നു.  ഡി.കുമാറിന്റെ വാദം. എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K