21 March, 2023 02:31:59 PM


പുലിപ്പേടിയില്‍ ഇടുക്കി വാത്തിക്കുടി നിവാസികൾ



ഇടുക്കി: പുലിയ ഭയന്ന് ഇടുക്കിയിലെ ഒരു ഗ്രാമം ഒന്നാകെ ഭീതിയിൽ. വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി പലരും പുലിയെ കണ്ടു. കുറച്ചുദിവസമായി പുലിപ്പേടിയിലാണ് ഗ്രാമം ഒന്നാകെ. എന്നാൽ തൊട്ടടുത്ത് എത്തിയെങ്കിലും ഇതുവരെ പുലി മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. അതേസമയം പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾ പുലിയെന്ന് സംശയിക്കുന്ന വന്യമൃഗത്തിന്‍റെ ആക്രമത്തിൽ ചത്തിട്ടുമുണ്ട്.


ഏറ്റവുമൊടുവിൽ ഞായറാഴ്ച പുലര്‍ച്ച ചാലിക്കടയിലുള്ള വോളിബാള്‍ ഗ്രൗണ്ടില്‍ പുലിയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് പുലിയുടേതിന് സമാനമായ ജീവിയെ വിദൂരത്തായി കണ്ടതായും ആളുകൾ പറയുന്നു.


വാത്തിക്കുടി, ചാലിക്കട, തോപ്രാംകുടി, രാജപുരം, തേക്കിന്‍തണ്ട് പ്രദേശങ്ങളിലാണ് ആളുകൾ പുലിയെ കണ്ടത്. പുലിപ്പേടിയെ തുടർന്ന് വൈകുന്നേരത്തോടെ ആളുകൾ കടകളടച്ചും, ജോലി മതിയാക്കിയും വീടുകളിലെത്തുന്ന സ്ഥിതിയാണുള്ളത്

.

ചാലിക്കട വോളിബാള്‍ ഗ്രൗണ്ടിന് സമീപം കണ്ടെത്തിയ പുലിയുടെ കാല്‍പാടുകള്‍ പ്രദേശവാസികളെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ആളുകൾ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശങ്ങളിലാണ് പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നത്. ഇതോടെ രാത്രിയിൽ പുറത്തിറങ്ങാൻ പോലും ആളുകൾ ഭയക്കുകയാണ്. വനംവകുപ്പ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നാട്ടുകാർ ചേർന്ന് നിരീക്ഷണസമിതി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. പുലിയെ എത്രയുംവേഗം പിടികൂടാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അതിനിടെ ഇടുക്കി വാത്തികുടിയിൽ എത്തിയ വന്യമൃഗം പുലി വർഗ്ഗത്തിൽ പെട്ടതാണെന്ന് അയ്യപ്പൻ കോവിൽ റെയിഞ്ച് ഓഫീസർ കണ്ണൻ വ്യക്തമാക്കി. വാത്തിക്കുടിയിൽ ഇന്നു പുലർച്ചെ വന്യമൃഗത്തിന്റെ ആക്രമണം ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വാത്തിക്കുടിയിൽ വന്യമൃഗ ശല്യം ഉണ്ടായ പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൃഗത്തിന്റെ സഞ്ചാരപഥം കണ്ടെത്തി കൂട് സ്ഥാപിക്കുമെന്നും മൃഗത്തെ കൂട്ടിലാക്കി വനമേഖലയിലേക്ക് കടത്തിവിടുമെന്നും അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസർ കണ്ണൻ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K