21 March, 2023 02:18:01 PM


കള്ളപ്പണ ഇടപാട്; ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി അന്വേഷണവും



കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റ് അന്വേഷണവും. ഫാരിസിന്‍റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇ ഡിയും അന്വേഷണം നടത്തുന്നത്.


ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളുടെ പേരിലും ഇ ഡി അന്വേഷണം നടത്തും. ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ.


ഇന്നലെ ഫാരിസ് അബൂബക്കറിന്‍റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്ന പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം.


രാവിലെ 10.30 ഓടെയാണ് ഫാരിസ് അബൂബക്കറിന്‍റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. 10 ഉദ്യോഗസ്ഥർ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടിൽ ഫാരിസിന്‍റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.


തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K