20 March, 2023 01:43:07 PM
തിരുമാന്ധാംകുന്ന്ക്ഷേത്രത്തിലെ ഓഫീസിന് 'പച്ച' അടിച്ചതില്‍ പ്രതിഷേധം; കെട്ടിടത്തിന്‍റെ നിറം മാറ്റി
മലപ്പുറം: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടത്തിന്‍റെ പെയിന്‍റ് മാറ്റി അടിച്ചു. കെട്ടിടത്തിന് മുസ്ലിം പള്ളികൾക്ക് നല്‍കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്.
ഈ മാസം 28 നാണു വള്ളുവനാടിന്‍റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്‍റ് അടിച്ചത് ആണ് ഹിന്ദു സംഘടനകൾ വിവാദമാക്കിയത്.
ഓഫീസും വഴിപാട് കൗണ്ടറും ഉൾപ്പെടുന്ന കെട്ടിടം പച്ച പെയിന്‍റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വർഷം അടിച്ച അതേ കളർ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളർ തെരഞ്ഞെടുത്തത് താൻ തന്നെ ആന്നെന്നും പെയിന്‍റിംഗ് കോൺട്രാക്ട് എടുത്ത വിനയൻ പറയുന്നു.
" ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല, കഴിഞ്ഞ തവണ അടിച്ച അതേ പീക്കൊക്ക് നിറം തന്നെ ആണ് ഇത്തവണയും. പക്ഷേ അതിന്‍റെ കടുപ്പം അല്പം കൂട്ടിയടിച്ചു..അല്പം വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഈ നിറം പച്ച പോലെ തോന്നുക ആണ്. ഈ നിറം തെരഞ്ഞെടുത്തത് ഞാൻ തന്നെ ആണ് "- വിനയന്‍ പറഞ്ഞു.
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഏറെ വൈകാതെ തന്നെ ദേവസ്വം ബോർഡ് നിലപാട് മാറ്റി. പീകോക്ക് കളർ മാറ്റി ചന്ദന കളർ ആണ് പുതുതായി ദേവസ്വം കെട്ടിടത്തിൽ അടിച്ചിരിക്കുന്നത്.