16 March, 2023 04:57:44 PM
വ്യത്യസ്ത പേരുകളിൽ മോഷണം നടത്തിവരികയായിരുന്ന 'ബാഹുലേയൻ' പിടിയിൽ
കാസര്‍ഗോഡ്: സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി വ്യത്യസ്ത പേരുകളിൽ മോഷണം നടത്തിവരികയായിരുന്നയാൾ കാസര്‍ഗോഡ് പോലിസ് പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശി ബാഹുലേയനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
അടുത്തിടെ വെള്ളരിക്കുണ്ടും പരിസരപ്രദേശത്തും ഉണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാഹുലേയന്‍ പിടിയിലായത്. മങ്കയത്തെ ജോളി ജോസെഫിന്‍റെ വീട്ടിൽ നിന്നും റബ്ബര്‍ ഷീറ്റും, കല്ലംചിറയിലെ നാസറിന്‍റെ വീട്ടില്‍ നിന്ന് അടക്കയും മോഷ്ടിച്ച സംഭവത്തിനു പുറമെ പാത്തിക്കരയിലെ മലഞ്ചരയ്ക്ക് കടയിലും മോഷണം നടന്നിരുന്നു.
ഒരു മാസത്തിനിടെ നാല് മോഷണമാണ് സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്നാണ് വെള്ളരിക്കുണ്ട് എസ് ഐ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ബാഹുലേയന്‍ വലയിലായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി 30 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് ബാഹുലേയനെന്ന് പൊലീസ് വ്യക്തമാക്കി. കല്യാണരാമന്‍, ദാസ് ബാബു, സുന്ദരന്‍ തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന ബാഹുലേയനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ആണ് പൊലീസിന്റെ തീരുമാനം.