16 March, 2023 02:14:05 PM


മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം കരിപ്പൂരിൽ പിടിച്ചു



കോഴിക്കോട്: കരിപ്പൂരില്‍ കസ്റ്റംസിന്‍റെ സ്വർണ വേട്ട തുടരുന്നു.  രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയുമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ്  പിടികൂടിയത്. സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേരാണ് കസ്റ്റംസി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നും ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം, കോഴിക്കോട് ജില്ലക്കാരായ രണ്ടുപേരിൽ നിന്നാണ് സ്വർണം പിടികൂടിയത്.


ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണമാണ് ഇരുവരിൽ നിന്നുമായി പിടിച്ചെടുത്തത്. താമരശ്ശേരി സ്വദേശിയായ രായരുകണ്ടി റാഷികിൽ (27) നിന്നും 1066 ഗ്രാമും,  സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിൽ  നിന്നും എത്തിയ മലപ്പുറം അരീക്കോട് സ്വദേശിയായ പാമ്പോടൻ മുനീറിൽ (27) നിന്നും 1078 ഗ്രാമും തൂക്കം വരുന്ന നാലു ക്യാപ്സൂളുകൾ വീതമാണ് കസ്റ്റംസ് പിടികൂടിയത്.


കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത ചെറിയൊരു പ്രതിഫലത്തിന് വേണ്ടിയാണ് ഈ യാത്രക്കാർ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുമായി  ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരുകയാണ്.
കൂടാതെ സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ വടകര സ്വദേശിയായ മാദലൻ സെർബീൽ (26) ബാഗിനുള്ളിൽ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച ഏകദേശം എട്ടു ലക്ഷം രൂപയ്ക്കു തുല്യമായ 2585 ഒമാൻ റിയാലും 1035 കുവൈത്തി ദിനാറും മതിയായ രേഖകളില്ലാത്തതിനാൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
ഇക്കൊല്ലം കസ്റ്റംസ് വമ്പൻ സ്വർണ്ണവേട്ടയാണ് നടത്തിയത്. ഈ വർഷം ജനുവരി ഒന്നു മുതൽ നാളിതുവരെ 82 കേസുകളിലായി ഏകദേശം 35 കോടി രൂപ വിലമതിക്കുന്ന 65 കിലോഗ്രാമോളം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.


82 കേസുകളിൽ 25 എണ്ണം  രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലും,  മറ്റുള്ളവ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലുമാണ് പിടികൂടിയത്. സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് മികച്ച പ്രതിഫലം നൽകുമെന്ന് കസ്റ്റംസ്  അധികൃതർ അറിയിച്ചു. ഇങ്ങനെ പിടികൂടുന്ന സ്വർണം കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ്‍ പ്രതിഫലം നൽകുന്നുണ്ട്.


വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുന്നുണ്ട്. സ്വർണ കടത്തിനെ വിവരം നൽകുവാനായി 0483 2712369 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതുകൂടാതെ 12 കേസുകളിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 90 ലക്ഷം രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ എയർ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K