15 March, 2023 02:49:30 PM
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ബയോമൈനിങ് പൂർണ പരാജയം: ഹരിത ട്രിബ്യൂണൽ മോണിറ്ററിങ് കമ്മിറ്റി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ ബയോമൈനിങ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി. തീപിടിത്തം ഉണ്ടായത് കൊച്ചി കോർപറേഷന്‍റെ പരാജയമാണെന്നും കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബ്രഹ്മപുരത്ത് കൊച്ചിൻ കോർപ്പറേഷന് സംബന്ധിച്ച വീഴ്ചകൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. സംസ്ഥാനതല നിരീക്ഷണ സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2018 ൽ സമിതി നിലവിൽ വന്ന ശേഷം ഉണ്ടാവുന്ന നാലാം തീപിടുത്തമാണിത്. തീപിടിത്തത്തിനു ശേഷം അൽപം ഒച്ചപ്പാട് ഉണ്ടാകുമെങ്കിലും അതു കഴിഞ്ഞാൽ ഒന്നും സംഭവിക്കില്ലെന്ന കോർപ്പറേഷൻ ഭരണാധികാരികൾക്കുള്ള ഉറപ്പുകൊണ്ടാണ് ഈ അലംഭാവം എന്നും റിപ്പോർട്ടിൽ പറയുന്നു.
കെട്ടിക്കിടക്കുന്ന മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ സംസ്കരിച്ചില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകും. പരിസ്ഥിതി നിയമങ്ങൾ, നിർദേശങ്ങൾ എന്നിവ ബ്രഹ്‌മപുരത്ത് പൂർണമായി ലംഘിച്ചു. ഈ രീതിയിൽ ബയോമൈനിങ് മുന്നോട്ട് പോയാൽ അടുത്തൊന്നും അത് പൂർത്തിയാകില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റിലെ തീപിടുത്തത്തിൽ എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ചേർന്നു. അഗ്നിബാധയുണ്ടായാൽ ചെറുക്കുന്നതിനായി അടിയന്തര സംവിധാനങ്ങൾ ബ്രഹ്മപുരത്ത് സ്ഥാപിക്കുമെന്നും ഇനി അവിടെ നടപ്പാക്കേണ്ട സംവിധാനങ്ങളെ കുറിച്ച് അഗ്നിശമന സേന റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ ഉമേഷ് എൻ എസ് കെ. പറഞ്ഞു.
പരിസരപ്രദേശങ്ങളിൽ ഉള്ളവർക്കും അഗ്നിശമന രംഗത്ത് പ്രവർത്തിച്ച മുഴുവൻ പേർക്കും സ്ഥിരം ചികിത്സാ സംവിധാനം ഒരുക്കും. അതേസമയം കൊച്ചിൻ കോർപ്പറേഷനു മുന്നിലെ പ്രതിപക്ഷ കൗൺസിലർമാരുടെയും ജനകീയ സംഘടനകളുടെയും പ്രതിഷേധ പരിപാടികൾ ഇപ്പോഴും തുടരുകയാണ്.