13 March, 2023 03:12:15 PM


കരിപ്പൂരിൽ 32കാരി അടിവസ്ത്രത്തിൽ കടത്തിയത് 1.769 കിലോ സ്വർണം; കസ്റ്റംസ് പിടികൂടി



മലപ്പുറം: കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവിയെ (32) ആണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥർ പിടികൂടിയത്.



അടിവസ്ത്രത്തിനുള്ളിൽ ആണ് അസ്മ ബീവി സ്വർണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ  ദുബായിൽ നിന്നും എത്തിയ  അസ്മാബീവി തന്‍റെ അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന  സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ  ആണ് കസ്റ്റംസ് പിടികൂടിയത്.



പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്‍റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ  വിലമതിക്കുന്ന  24 കാരറ്റ് പരിശുദ്ധിയുള്ള  1.769 കിലോ സ്വർണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ് എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ്‌ സമഗ്ര അന്വേഷണം നടത്തിവരികയാണ്.



ഡെപ്യൂട്ടി കമ്മീഷണർ  ആനന്ദ് കുമാറിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം  കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്ടർ ധന്യ കെ പി ഹെഡ് ഹവൽദാർമാരായ അലക്സ്‌ ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K