09 March, 2023 04:17:06 PM


ബ്രഹ്മപുരത്തെ മാലിന്യ പുകമറ; പുതിയ കളകടറുടെ നടപടി ഉറ്റുനോക്കി കൊച്ചി നിവാസികള്‍



കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റ് പുകഞ്ഞു കത്തുമ്പോൾ ജില്ലാ കളക്ടർ ഡോ. രേണുരാജിനെ ധൃതിപിടിച്ച് നീക്കുകയാണ് സർക്കാർ ചെയ്തത്. പുതിയ കളക്ടർ എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  സന്ദർശിച്ചു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നാണ് ചുമതലയേറ്റ ശേഷം കളക്ടര്‍ പറഞ്ഞത്. ബ്രഹ്‌മപുരത്ത് മുന്‍ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ ഏറ്റവും വലിയ നഗരത്തിലെ മാലിന്യ സംസ്കരണ പ്ലാന്‍റുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായിരിക്കുന്ന സംഭവങ്ങൾക്ക് ജില്ലാ കളക്ടറുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്ന് തന്നെ പറയേണ്ടിവരും. പിന്നെ കളക്ടറെ മാറ്റിയതുകൊണ്ട് പ്രശ്നം അവസാനിക്കുമോ എന്ന് ചോദിക്കുന്നതുകൊണ്ട് കാര്യമില്ല. അപ്പോൾ ചോദ്യം ഉയരുക ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ മലയ്ക്ക്, അവിടെ നിന്നുയരുന്ന പുകയ്ക്ക് ഉത്തരവാദി ആര് എന്നതാകും. മാലിന്യ സംസ്കരണ പ്ലാന്‍റ്എന്ന പേരിൽ മാലിന്യങ്ങൾ കൂട്ടമായി കൊണ്ടുവന്ന് തള്ളുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്. ശാസ്ത്രീയ സംസ്കരണം എന്നത് പേരിനുപോലുമില്ല.


കൊച്ചിയിലെ മാത്രം വിഷയമല്ല, കേരളത്തിലെല്ലായിടത്തും മാലിന്യ സംസ്കരണം പ്രയാസകരമായ പണിയായി മാറി. എന്നാല്‍ ചില ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വൃത്തിയും വെടിപ്പായും മാലിന്യ സംസ്കരണം ചെയ്യുന്നുണ്ടെന്നത് അഭിനന്ദനീയം തന്നെ. ഈ സമയത്ത് ബ്രഹ്മപുരത്തെ വിഷയം വിശദമായി പരിശോധിക്കാം.


മാലിന്യ സംസ്കരണം എന്ന വെല്ലുവിളി

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു വർഷം ഏകദേശം 25 ലക്ഷം ടൺ മാലിന്യമാണ് കേരളത്തിൽ ആകെ ഉണ്ടാകുന്നത്. ഇതിൽ 69 % ജൈവമാലിന്യവും 31% അജൈവ മാലിന്യവുമാണ്. ജൈവമാലിന്യത്തിന്‍റെ 70 ശതമാനവും ഈർപ്പമുള്ളതാണ്. അജൈവമാലിന്യത്തിൽ ജ്വലനശേഷിയുള്ളവ 79.2 ശതമാനമാണ്. സർക്കാർ നിർദേശം അനുസരിച്ച് നഗരങ്ങളിലെ വീടുകളിൽ തന്നെ മാലിന്യപരിപാലന പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കാൻ കഴിയണം. നിരവധി പദ്ധതികളും പ്രവർത്തനങ്ങളുമാണ് സീറോ വേസ്റ്റ് കേരളമെന്ന ലക്ഷ്യത്തിനായി ഈ നാട്ടിൽ നടപ്പിലാക്കി വരുന്നുണ്ട്.


ഹരിത കർമസേന

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നതാണ് ഹരിതകർമസേന. ഇതിലേക്ക് കൊച്ചിയിൽ ആളെ എടുത്താൽ അവിടുത്തെ ഫ്‌ളാറ്റുകളിലെ തമ്പുരാക്കൻമാർക്ക് അത്തരക്കാരോട് പഥ്യം പോര. പാഴ്വസ്തുക്കൾ ശേഖരിക്കുക, അതത് കേന്ദ്രങ്ങളിൽ എത്തിക്കുക, തരംതിരിക്കുക, സംസ്‌കരിക്കുക, പുനഃചംക്രമണം നടത്തുക തുടങ്ങി എല്ലാ പ്രവൃത്തികളും സ്ത്രീകളുടെ കൂട്ടായ്മയായ ഹരിതകർമസേന ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഈ പണി എന്താണ് പണ്ടേ കൊച്ചിക്കാർ ചെയ്യാത്തെ.


അജൈവ പാഴ്വസ്തുക്കളുടെ ശേഖരണത്തിലും സംസ്‌കരണത്തിലുമാണ് കേരളത്തിൽ ഹരിത കർമ്മ സേന കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്താകെ 1018 ഹരിതകർമസേന യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഗ്രാമീണ മേഖലയിൽ 926 യൂണിറ്റും നഗര മേഖലയിൽ 92 യൂണിറ്റും പ്രവർത്തിക്കുന്നു. ഗ്രാമീണ മേഖലയിൽ 23,546 സ്ത്രീകളും നഗര മേഖലയിൽ 4,678 സ്ത്രീകളും സേനയുടെ ഭാഗമാണ്. ഈ കണക്കിൽ നിന്നറിയാം കൊച്ചിപോലുള്ള നഗരങ്ങളുടെ പ്രശ്‌നം എന്താണെന്ന്.


പുകഞ്ഞു നാറുന്നത് അഴിമതിയോ?

മാലിന്യ സംസ്‌കരണം കാല്‍നൂറ്റാണ്ടിലേറെയായി പേരില്‍ മാത്രമേ ഉള്ളൂ. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം പുറംമേനി കാണിക്കല്‍ മാത്രമായി. മാറിമാറിയുള്ള ഭരണകാലത്ത് ബ്രഹ്‌മപുരത്ത് മാലിന്യമലകളുണ്ടായി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വെറുതേ കൊണ്ടുപോയി കൂട്ടിയിട്ടു. അതില്‍ തീ പിടിപ്പിക്കുന്നതും കോടികളുടെ ലാഭമുള്ള ഏര്‍പ്പാടായി.
ബ്രഹ്‌മപുരം പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം പ്രതിമാസം 30-35 ലക്ഷം രൂപ വരെയാണ് കോർപറേഷന്‍ സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്. ശരാശരി 250 ടണ്ണോളം മാലിന്യം സംസ്‌കരിക്കുന്നുവെന്നാണ് കണക്ക്. 2007 ല്‍ സ്ഥാപിച്ച പ്ലാന്‍റ് 2009ല്‍ തകര്‍ന്നുവീണു. അന്നുമുതല്‍ തുടങ്ങിയതാണ് ബ്രഹ്‌മപുരത്തിന്‍റെ പേരിലുള്ള പണക്കൊയ്ത്ത്. പ്ലാന്‍റിന്‍റെ നടത്തിപ്പ് പുറമേ നിന്നുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു. 12 വര്‍ഷത്തോളം ഒരേ കമ്പനിയാണ് അവിടെ മാലിന്യ സംസ്‌കരണം നടത്തിപ്പോന്നത്. നിലനിന്നുപോകാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കമ്പനി പണം വാരി നൽകി. ഈ സംരംഭം കോടികൾ കീശയിലാക്കാവുന്ന പണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പലർക്കും പുതിയ മോഹമുദിച്ചു. അങ്ങനെയാണ് പുതിയ കമ്പനി വരുന്നത്. മതിയായ പ്രവൃത്തി പരിചയമില്ലെന്ന് എതിര്‍പ്പുണ്ടായിട്ടും അതൊന്നും കണക്കിലെടക്കാതെ പണി ഏൽപ്പിച്ചു. അതിപ്പോള്‍ വിജിലന്‍സിന്‍റെ അന്വേഷണ പരിധിയിലാണ്.


സ്വന്തം വണ്ടികൾ കട്ടപ്പുറത്ത്

മാലിന്യം ശേഖരിക്കുന്നതിന് കോർപറേഷന് സ്വന്തമായി ലോറികളുണ്ട്. എന്നാല്‍ പലതും നിരത്തിലിറങ്ങാറില്ല. കൂടുതലും സ്ഥിരം വർക്ക് ഷോപ്പുകളിലാണ്. മറ്റു പലതും വഴിയരികിലോ മറ്റോ നിര്‍ത്തിയിട്ടിരിക്കുകയാവും. പകരം നഗരസഭ ലോറികള്‍ വാടകയ്ക്ക് എടുക്കും. നഗരസഭയുടെ 23 ലോറികള്‍ കട്ടപ്പുറത്തുവെച്ച്, മാസം 80 ലക്ഷം രൂപയോളം ലോറിവാടകയ്ക്കായി കൊടുക്കുന്നു. 6 കോംപാക്ടര്‍ ഉള്ളതില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഹിറ്റാച്ചി വാടകയായി 20 ലക്ഷം ചെലവഴിക്കുന്നു. ഒന്നരക്കോടിയോളം രൂപ ഓരോ മാസവും മാലിന്യ സംസ്‌കരണത്തിന്‍റെ  പേരില്‍ ചെലവഴിക്കുന്നുണ്ട്. പണത്തില്‍ നല്ലൊരു പങ്കും കൊടിയുടെ നിറഭേദമില്ലാതെ പലരുടെയും പോക്കറ്റുകളിലേക്ക് മുറതെറ്റാതെ എത്തുന്നു.


കരാറും ഉപകരാറും

ബ്രഹ്‌മപുരത്തെ ബയോ മൈനിങ്ങിന്‍റെ പ്രധാന കരാര്‍ സിപിഎം നേതാവിന്‍റെ ബന്ധുവിന്, ഉപകരാര്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകനും. ബ്രഹ്‌മപുരത്തുനിന്ന് മാലിന്യക്കൂമ്പാരം വേര്‍തിരിച്ച് കൊണ്ടുപോകാനുള്ള 55 കോടിയുടെ കരാര്‍ 'സോണ്ട ഇന്‍ഫ്രാ ടെക് ' എന്ന കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്‍റ്  നിര്‍മിക്കാനും മാലിന്യം ബയോ മൈനിങ് ചെയ്യാനുള്ള കരാറും കൊടുത്തിരിക്കുന്നത് അവര്‍ക്കുതന്നെ. എന്നാല്‍, കരാര്‍ ഏറ്റെടുത്ത് കമ്പനി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഉടക്കുകള്‍ വന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാവിന്‍റെ മകനുള്‍പ്പെടുന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി പ്രശ്നം ഒത്തുതീർപ്പാക്കി. ബ്രഹ്‌മപുരത്തെ മാലിന്യമലയ്ക്ക് തീപടരുന്നത് പതിവായപ്പോള്‍, ഹരിത ട്രിബ്യൂണല്‍ ഇടപെട്ടിട്ടാണ് മാലിന്യം നീക്കാന്‍ ബയോ മൈനിങ്ങിന് ഉത്തരവിട്ടത്.


തീപിടിത്തം അട്ടിമറിയോ?

2021 ജൂലായിലാണ് നിലവിലെ കമ്പനിയെ പ്രവൃത്തി ഏല്‍പിച്ചത്. ഒമ്പതുമാസംകൊണ്ട് മാലിന്യം നീക്കി സ്ഥലം തിരികെ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, മാലിന്യം അതിനുള്ളില്‍ നീക്കാനായില്ല. ഇതേ തുടര്‍ന്ന് 2023 ജൂലായ് വരെ സമയം നീട്ടി നല്‍കിയിരിക്കുകയാണ്. ഇതിനിടെ കമ്പനിക്ക് 11 കോടി രൂപ മൊബിലൈസേഷന്‍ ഫണ്ട് ആയി നല്‍കിയതും വിവാദമായിട്ടുണ്ട്. കരാര്‍ തീരാന്‍ അഞ്ചുമാസം മാത്രം ഉള്ളപ്പോഴും മാലിന്യത്തിന്‍റെ പകുതിപോലും നീക്കാനായിട്ടില്ല. ഉപകരാറുകാരുടെ പണി നടക്കുമ്പോഴാണ് വന്‍ തീ പിടിത്തം ഉണ്ടായത്. വേനല്‍ക്കാലത്ത് തീ പടരാതിരിക്കാന്‍ പരസ്പരം ചേരാത്ത മലകളായി മാറ്റിയാണ് മാലിന്യം കൂട്ടിയിരുന്നത്. എന്നാല്‍, മാലിന്യമലകളില്‍ ഒരേ സമയം തീപടരുകയായിരുന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. തീപിടിത്തം അട്ടിമറിയാണെന്ന ആക്ഷേപമുയരുന്നതും അതുകൊണ്ടുതന്നെ.


ഹൈക്കോടതിയുടെ ഇടപെടൽ

ബ്രഹ്മപുരത്ത് എത്തിക്കുന്ന മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്തതിൽ കൊച്ചി കോർപറേഷനും വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാത്തതിൽ മലിനീകരണ നിയന്ത്രണ ബോർഡിനും ഉണ്ടായ വീഴ്ചയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. മാലിന്യ സംസ്കരണ വിഷയത്തിൽ ജില്ലാ കളക്ടർ നിലപാട് അറിയിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.


മാലിന്യ സംസ്കരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി 2016 മുതൽ നോട്ടീസ് നൽകുന്നുണ്ടെന്നും എന്നാൽ കോർപറേഷൻ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തുടക്കത്തിലേ വിശദീകരിച്ചത്. എന്നാൽ, പരസ്പരം ചെളിവാരി എറിയുകയല്ല പ്രശ്നപരിഹാരത്തിനായി എന്തെല്ലാം നിർദേശമാണ് നൽകിയതെന്ന് പറയൂ എന്നായിരുന്നു കോടതിയുടെ പ്രതികരണം. വായുവിന്‍റെ ഗുണനിലവാരമടക്കം പരിശോധിക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു.


കാറ്റിന്‍റെ ദിശ മനസ്സിലാക്കി പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചോ? മാലിന്യം കത്തുന്നതിന്‍റെ ആഘാതം കുറയ്ക്കാൻ നടപടി സ്വീകരിച്ചോ? ആത്യന്തികമായി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയമാണ്. അക്കാര്യം പരിഗണിച്ചേ പറ്റൂ. ഇക്കാര്യത്തിലെല്ലാം മലിനീകരണ ബോർഡിന്‍റെ മേൽനോട്ടം ഉണ്ടാകണമായിരുന്നു. 2016 മുതൽ കോർപ്പറേഷന് നിർദേശം നൽകുന്നുണ്ടെന്നാണ് പറയുന്നത്. പക്ഷേ, മറ്റ് എന്ത് നടപടിയാണുണ്ടായതെന്നും ചോദിച്ചു.


വൈറ്റിലയിലും എരൂരും വായുവിന്‍റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ വിശദീകരിച്ചു. ബ്രഹ്മപുരത്ത് എത്ര തവണ പോയെന്ന് കോർപറേഷൻ സെക്രട്ടറിയോട് കോടതി ചോദിച്ചു. തീ പിടിച്ച ശേഷം എല്ലാ ദിവസവും പോയി പരിശോധിക്കുന്നുണ്ടെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം. ബ്രഹ്മപുരത്തെ തീയുടെ പ്രത്യാഘാതം എന്താണെന്ന് പരിശോധിച്ചോ. വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്ന് വിശദീകരിച്ച സെക്രട്ടറിയോട് പ്രശ്നപരിഹാരത്തിനായി എന്ത് നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാനും നിർദേശിച്ചു. ബുധനാഴ്ച ഉച്ചയോടെ തീയും പുകയും നിയന്ത്രിക്കാനാകുമെന്നായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.


ഉറവിട മാലിന്യ സംസ്കരണം തുടങ്ങാം

വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കാൻ കഴിയുന്ന കംപോസ്റ്റിങ്ങ് സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. അത് എല്ലാ ഫ്‌ളാറ്റുകളിലും അടിയന്തരമായി സ്ഥാപിക്കാൻ റെസിഡന്‍റ് അസോസിയേഷനുകളോട് നിർദേശിക്കുക. ഇതിന് എം പി ഫണ്ടും എം എൽ ഫണ്ടും ഉപയോഗിക്കാം. ഉറവിടസംസ്‌കരണത്തിന് ആവശ്യമായ ഉപകരണങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും ലഭ്യമാക്കുക, കലണ്ടർ പ്രകാരം അജൈവ പാഴ്വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം ഉറപ്പാക്കാൻ ഹരിത കർമ്മ സേനയെ നിയോഗിക്കുക. ഇനി സേനയിലേക്ക് എറണാകുളത്തുനിന്ന് ആളെ കിട്ടിയില്ലങ്കിൽ വൈക്കത്തുനിന്നും ആലപ്പുഴയിൽ നിന്നും പെട്ടന്ന് ആളെ എത്തിക്കാം. വൻകിട കമ്പനികൾക്ക് കൊടുക്കുന്ന കോടികൾ ഈ പാവം പെൺകുട്ടികൾക്ക് വീതിച്ച് നൽകിയാൽ മതി അതിന് വേറെ ഫണ്ട് തിരക്കണ്ട. ജൈവമാലിന്യസംസ്‌കരണത്തിൽ വീടുകളിലും ഫ്‌ളാറ്റുകളിലും എത്തി ഹരിതകർമസേന മാർഗനിർദേശം നൽകും.


ഹരിത സംരംഭങ്ങൾ

ഉറവിടമാലിന്യസംസ്‌കരണത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സേവനം ലഭ്യമാണ്. ഇതിന് ആവശ്യമെങ്കിൽ, ഹരിതസഹായ സ്ഥാപനത്തിന്‍റെ സഹായം ഉറപ്പാക്കുന്നതും സേനയുടെ ചുമതലയാണ്. പാഴ്‌സ്തുക്കളിൽനിന്ന് പുത്തൻ ഉത്പന്നങ്ങൾ നിർമിക്കുന്ന ഹരിതസംരംഭങ്ങൾക്ക് തുടക്കം കുറിച്ച് നവീന വരുമാന സാധ്യതയും അവർ തേടുന്നുണ്ട്. ഇത്രയും മാലിന്യങ്ങൾ ഉണ്ടെങ്കിൽ സംരഭകവർഷത്തിൽ കൊച്ചിയിൽ പുതിയൊരു യൂണിറ്റും തുടങ്ങാം.
നിലവിൽ കേരളത്തിൽ മറ്റെല്ലാ സ്ഥലങ്ങളിലും ഒരു വാർഡിൽ കുറഞ്ഞത് 2 ഹരിതകർമ സേനാംഗങ്ങളെങ്കിലും ഉണ്ട്. ഓരോ അംഗവും 250 ഓളം വീടുകളിൽ നിന്ന് വാതിൽപ്പടി അജൈവ പാഴ് വസ്തുശേഖരണം നടത്തുന്നു. എന്നാൽ കൊച്ചിൽ നമ്മൾക്ക് അത് 5 ആയി ഉയർത്താം. ഹോട്ടലുകൾക്ക് വേണ്ടി മറ്റൊരു യൂണിറ്റും ആകാം.  വീടുകളിൽ ഉള്ളവർ ഒരു കാര്യം ചെയ്യം. അജൈവ മാലിന്യങ്ങൾ വൃത്തിയായി സൂക്ഷിക്കണം. സേവനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച യൂസർഫീയും നൽകണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K