06 March, 2023 07:23:33 PM


ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി



കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലെ വിവിധ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്. ‌‌പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവധി നൽകിയിരിക്കുന്നത്.

ബ്രഹ്മപുരം പ്ലാന്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അയൽ ജില്ലകളിൽ നിന്ന് അഗ്നിശമനസേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ ഒരുക്കുമെന്ന് അധികൃതർ പറഞ്ഞുവെങ്കിലും നടപ്പായില്ല. നഗരത്തിലെ മാലിന്യ നീക്കം ഇതുവരെയും പുനരാരംഭിക്കാത്തത് വരും ദിവസങ്ങളിൽ പ്രതിസന്ധിയാകും.

പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം കൊച്ചിയിലില്ലെന്നാണ് മന്ത്രി എം ബി രാജേഷ് ഇന്ന് നിയമസഭയിൽ പറഞ്ഞത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് സബ്‌മിഷനായി വിഷയം സഭയിൽ ഉന്നയിച്ചത്. മനപ്പൂർവം ഉണ്ടാക്കിയ തീപിടിത്തമാണെന്നും പ്രശ്നം പരിഹരിക്കാൻ സർക്കാർ വേണ്ട നടപടി എടുത്തില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. സംഭവത്തിൽ ഹൈക്കോടതിയിൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് വായു മലിനീകരണം കുറഞ്ഞുവെന്നും തീപിടിത്തം ഒഴിവാക്കാൻ ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് മറുപടി നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K