01 March, 2023 10:36:02 AM
വരാപ്പുഴ സ്ഫോടനം: പടക്കനിർമാണശാലയുടെ ഉടമയ്ക്കും സഹോദരനുമെതിരെ കേസെടുത്തു
കൊച്ചി: എറണാകുളം വരാപ്പുഴയിൽ സ്‌ഫോടനമുണ്ടായ പടക്കനിർമാണശാലയുടെ ഉടമയ്ക്കും സഹോദരനുമെതിരെ കേസെടുത്തു. സ്ഥാപന ഉടമ ജാൻസൺ, സഹോദരൻ ജാൻസൺ എന്നിവർക്കെതിരെയാണ് കേസ്. മനപ്പൂർവമായ നരഹത്യയ്ക്കും എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്.
പടക്കനിർമാണശാലക്ക് ലൈസൻസില്ലെന്ന് ജില്ല കളക്ടർ ഡോ. രേണുരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. പൂർണമായും അനധികൃതമായായാണ് പടക്കശാല പ്രവർത്തിച്ചിരുന്നത്. പടക്കം നിർമിക്കുന്നതിനും സംഭരിക്കുന്നതിനും വിൽക്കുന്നതിനും ലൈസൻസില്ല. വിൽക്കുന്നതിന് ലൈസൻസുണ്ടെന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്നും സംഭവത്തിൽ തഹസിൽദാരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
സ്ഥലത്ത് എക്‌സ്‌പ്ലോസീവ് വിഭാഗം ഇന്ന് പരിശോധന നടത്തുന്നുണ്ട്. സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താനാണ് പരിശോധന. അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ നാല് പേർ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്. കൊല്ലപ്പെട്ട ഡേവിസിന്‍റെ പോസ്റ്റ്മോർട്ടവും ഇന്നു നടക്കും.
ഇന്നലെ വൈകിട്ടാണ് വാരാപ്പുഴയിൽ പടക്കനിർമാണശാലയിൽ ഉഗ്രസ്ഫോടനമുണ്ടായത്. മുട്ടനകം ഈരയിൽ ഡേവിസ് (55) സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. പടക്കകട ഉടമ ഈരയിൽ വീട്ടിൽ ജാക്സൻ, സഹോദരൻ ജാൻസൻ, സമീപവാസി കൂരൻ വീട്ടിൽ മത്തായി, കൂടാതെ മൂന്ന് കുട്ടികൾക്കുമാണ് പരിക്കേറ്റത്.