23 February, 2023 11:57:51 AM


കാലുമാറി ശസ്ത്രക്രിയ: ആരോഗ്യവകുപ്പ് സ്വകാര്യ ആശുപത്രിയോട് റിപ്പോർട്ട് തേടി



കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട്ടെ നാഷണൽ ആശുപത്രിയുടെ വിശദീകരണം തള്ളി ഇരയായ സജ്നയുടെ കുടുംബം. ഒരു വർഷത്തോളം ഇടതു കാലിന് ചികിത്സിച്ചതിന്‍റെ രേഖകൾ കൈവശമുണ്ട്. വിവാദമായപ്പോൾ വലതു കാലിന് കുഴപ്പമുണ്ടെന്ന് വരുത്താൻ ചികിത്സാ രേഖകളിൽ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് തിരിമറി നടത്തിയെന്ന് മകൾ ഷിംന പറയുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് തേടി.

ആശുപത്രിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുടുംബം. തുടർ ചികിത്സയ്ക്കായി സജ്നയെ ബന്ധുക്കൾ നാഷണൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റി.വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിലെ ഞരമ്പിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന. കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബഹിർഷാന്‍റെ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചതോടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇന്നലെയാണ് സർജറി പൂർത്തിയായത്. ഇന്ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ ആണ് പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന കാര്യം സജ്ന അറിയുന്നത്.

വലത് കാലിനും പരിക്ക് ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം. എന്നാൽ സ്കാനിംഗ് റിപ്പോർട്ട് അടക്കം ആവശ്യപ്പെട്ടപ്പോൾ മറുപടി ഇല്ല. ബന്ധുക്കൾ വിശദീകരണം ചോദിപ്പോൾ മറുപടിയില്ലാതെ തലകുനിച്ച് ഇരിക്കുകയാണ് ഡോക്ടർ ചെയ്തത്. മാനേജ്മെന്‍റുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നും ബന്ധുക്കളോട് ഡോക്ടർ അഭ്യർത്ഥിച്ചു. തെറ്റുപറ്റിയെന്ന് ഓർത്തോ വിഭാഗം മേധാവി കൂടിയായ ഡോക്ടർ പി ബഹിർഷാൻ സമ്മതിച്ചതായി ബന്ധുക്കൾ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K